മമ്മൂട്ടി–മഞ്ജു വാരിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ് പ്രീസ്റ്റി’ലെ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘നസ്രേത്തിൻ നാട്ടിൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ‌ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ബി കെ ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് രാഹുൽ രാജിന്റേതാണു സംഗീതം. ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി, ക്രോസ്റോഡ്സ് അപ്പെക്കല്ല ബാൻഡും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിനു മികച്ച സ്വീകാര്യത ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് രാഹുൽ രാജ് മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.

‘പ്രതീക്ഷിച്ചതു പോലെ തന്നെ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അതിൽ ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. പാട്ട് തികച്ചും ലളിതമായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളിൽ മമ്മൂക്കയ്ക്കും (മമ്മൂട്ടി) ഈ ഗാനം തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്. നിയ ചാർളി എന്ന കുട്ടി വളരെ സുന്ദരമായാണ് പാടിയത്. സംഗീതസംവിധായകൻ അൽഫോൻസ് ജോസഫ് ആണ് നിയയെ എനിക്കു പരിചയപ്പെടുത്തിയത്. ‌അദ്ദേഹത്തിന് ക്രോസ്റോഡ്സ് എന്ന പേരിൽ ഒരു സംഗീത അക്കാദമിയുണ്ട്. അവിടുത്തെ അക്കപ്പെല്ല ഗ്രൂപ്പിലെ കുട്ടികളും റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മെറിൻ ഗ്രിഗറിയും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. 

ലീഡ് പാടാൻ എനിക്കൊരു കുട്ടിയെ വേണമെന്നു പറഞ്ഞപ്പോൾ അൽഫോൺസ് തന്നെയാണ് നിയയുടെ പേര് നിർദ്ദേശിച്ചത്. കോഴിക്കോട് സ്വദേശിനിയാണ് നിയ. പാടാൻ വിളിച്ചപ്പോൾ തന്നെ ആ മോളും വീട്ടുകാരും വന്നു. യാതൊരു ടെൻഷനും ഇല്ലാതെ വളരെ കൂൾ ആയിത്തന്നെ നിയ പാടി. ആ ഒരു നിഷ്കളങ്കമായ ശബ്ദവും നാച്വറൽ ആയുള്ള ആലാപനശൈലിയും പാട്ടിനെ ഏറെ മികച്ചതാക്കി. വളരെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിൽ എല്ലാവരോടും സന്തോഷവും സ്നേഹവും അറിയിക്കുകയാണ്’– രാഹുൽ രാജ് പറഞ്ഞു. 

മഞ്ജു വാരിയർ ആദ്യമായി അഭിനയിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദ് പ്രീസ്റ്റ്. ചിത്രത്തിൽ മമ്മൂട്ടിക്കും മഞ്ജുവിനുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.