യുവതാരം ഉണ്ണി മുകുന്ദൻ വരികൾ കുറിച്ച് ഗായിക ജ്യോത്സ്ന ആലപിച്ച ഹിന്ദി ഗാനം ആസ്വാദകരെ നേടുന്നു. കണ്ണന്‍ താമരക്കുളം സംവിധാനത്തിലൊരുങ്ങിയ ‘മരട് 357’ എന്ന ചിത്രത്തിലേതാണു ഗാനം. 'ഹോ ജാനെ ദേ' എന്നു തുടങ്ങുന്ന പാട്ടിന് സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് ആണ് സംഗീതം പകർന്നത്. ഹിന്ദി പാട്ടെഴുതി ഉണ്ണി മുകുന്ദൻ അദ്ഭുതപ്പെടുത്തിയെന്ന് സാനന്ദ് പറയുന്നു. 

കുറഞ്ഞ സമയത്തിനകം വരികൾ എഴുതി പൂർത്തിയാക്കിയ ഉണ്ണി മുകുന്ദൻ സ്വന്തം ശബ്ദത്തിൽ പാട്ട് പാടി സംഗീതസംവിധായകന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. വാക്കുകളുടെ ഉച്ചാരണത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ വ്യക്തത നൽകിയതും പാടി അയച്ചു കൊടുത്തതും പാട്ടൊരുക്കുന്നതിനു സഹായകമായി എന്ന് സാനന്ദ് വ്യക്തമാക്കി. വരികൾ കൊണ്ടും ജ്യോത്സ്നയുടെ ആലാപനം കൊണ്ടും ഏറെ ശ്രദ്ധേയമായ പാട്ട് ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് മരട് ഫ്ലാറ്റ് വിഷയം. ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് വീട് നഷ്ട്ടമായത്. എന്താണ് മരട് ഫ്ലാറ്റില്‍ സംഭവിച്ചത് എന്നതിന്റെ  നേര്‍ക്കാഴ്ചയാവും മരട് 357. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം.

സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്ണന്‍, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ, മനുരാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍, അഞ്ജലി, സരയൂ, ശോഭ സിങ് തുടങ്ങി മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.