‘കവറുകളുടെ കാലം കഴിഞ്ഞു, ഇനി വേണ്ടത് ഒറിജിനൽസ്’; പാട്ടു വിശേഷം പറഞ്ഞ് ഗായത്രി അശോകൻ
പാട്ടൊരുക്കി മനം കവർന്ന് ഗായിക ഗായത്രി അശോകൻ. ‘ഇൻതിഹ’ എന്ന പേരിൽ പുറത്തിറക്കിയ പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ നേടി. ഭർത്താവ് പുർബയാൻ ചാറ്റർജിയുടെ സംഗീതത്തിനൊപ്പമാണ് ഗായത്രിയുടെ സ്വരഭംഗി ആസ്വാദകർക്കരികിൽ എത്തിയത്. പാട്ടിനു സംഗീതരംഗത്തെ പ്രമുഖരുടെ ഉൾപ്പെടെ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഏറെ സന്തോഷമെന്ന് ഗായിക വ്യക്തമാക്കി. പാട്ടു വിശേഷങ്ങള്‍ ഗായത്രി മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.
‘ലോക്ഡൗൺ കാലയളവിൽ ഞാൻ അഞ്ചോളം ഒറിജിനൽ പാട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. ഒറിജിനൽസിൽ തന്നെയാണ് ഇപ്പോൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം, കവർ പതിപ്പുകളുടെ കാലം കഴിഞ്ഞു എന്നു തന്നെ പറയാം. യഥാർഥ പാട്ടുകൾ ഒരുക്കിയെങ്കിലേ സംഗീതജീവിതം നീണ്ടു നിൽക്കൂ എന്നു ഞാൻ വിശ്വസിക്കുന്നു. മൂന്ന് വർഷങ്ങൾക്കു മുൻപാണ് ഞാൻ ആദ്യ ഗസൽ പുറത്തിറക്കിയത്. പിന്നാലെ ലോക്ഡൗൺ കാലയളവിൽ നാല് സിംഗിൾസ് റിലീസ് ചെയ്തു..
ഇപ്പോള്‍ റിലീസ് ചെയ്ത ‘ഇന്‍തിഹ’ അലാമാ ഇക്ബാൽ എന്ന ഇതിഹാസ സംഗീതജ്ഞന്‍ വരികൾ കുറിച്ച പാട്ടാണ്. അൽപം ഒരു നർമരസമുള്ള ഗസൽ ആണിത്. എനിക്ക് ആ പാട്ടിന്റെ വരികൾ ഏറെ ഇഷ്ടമായി. തുടർന്ന് അതിനു സംഗീതമൊരുക്കാമെന്നു തീരുമാനിക്കുകയായിരുന്നു. എന്റെ ഭർത്താവ് പുർബയാൻ ചാറ്റർജി ആണ് ഗാനം ചിട്ടപ്പെടുത്തിയത്. പ്രശസ്തനായ ഓജസ് അഡിയ തബലയിലും റിക്‌രാജ് നാഥ് ഗിറ്റാറിലും സംഗീതമൊരുക്കി. അവർ രണ്ടു പേരും ചേർന്ന് വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പ്രഗത്ഭരായ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുണ്ട് ഓജസ് അഡിയയ്ക്ക്. തബലയും ഗിറ്റാറും മാത്രമാണ് പാട്ടിനു വേണ്ടി ഉപയോഗിച്ചത്. കീബോര്‍ഡ് പ്രോഗ്രാമിങ്ങോ മറ്റോ ഇല്ല. ഞങ്ങൾ എല്ലാവരും ചേർന്ന് പുതിയൊരു ഗസൽ രൂപപ്പെടുത്തി അത് ആസ്വാദകർക്കരികിൽ എത്തിക്കുകയായിരുന്നു.
വളരെ മികച്ച പ്രതികരണങ്ങൾ ആണ് പാട്ടിനു ലഭിക്കുന്നത്. അതിൽ എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു. സംഗീതരംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ ഏറെ പ്രചോദനവും സന്തോഷവും പകരുന്നതാണ്. ഈ പാട്ട് ഇനി എനിക്ക് ലൈവിൽ പാടണം. ഇപ്പോൾ ഞാൻ സംഗീത പരിപാടികളിൽ എന്റെ ഒറിജിനൽ ഗസലുകൾ പാടാറുണ്ട്. ഈ പാട്ടും ലൈവായി പാടാന്‍ വേണ്ടി കാത്തിരിക്കുകയാണിപ്പോൾ.