ടാറ്റൂ ചെയ്തതിനെ വിഡിയോ ഗാനമായി ചിത്രീകരിച്ച് ഗായിക ഗൗരി ലക്ഷ്മി. വലതു തോളിൽ സൂര്യകാന്തിപ്പൂവിന്റെ രൂപത്തിലാണ് ഗായികയുടെ ടാറ്റൂ. ഒപ്പം പ്രിയഗാനവും പാടിയാണ് ഗൗരി പുതിയ വിഡിയോ ആസ്വാദകർക്കരികിൽ എത്തിച്ചത്. ‘ഇസ് രംഗ് ബദല്‍ത്തി ദുനിയാ മേ’.... എന്നു തുടങ്ങുന്ന മനോഹരമായ ഹിന്ദി ഗാനത്തിനാണ് ഗൗരി ലക്ഷ്മിയുടെ വേറിട്ട ശൈലിയിലുള്ള കവർ പതിപ്പ്. 1964ൽ പുറത്തിറങ്ങിയ ‘രാജ്‌കുമാർ’ എന്ന ചിത്രത്തിൽ മുഹമ്മദ്‌ റഫി ആലപിച്ച ഗാനമാണിത്. ഈ പാട്ടിനോടുള്ള പ്രിയം കൗമാരകാലം മുതൽ തുടങ്ങിയതാണെന്ന് ഗൗരി ലക്ഷ്മി മനോരമ ഓൺലൈനിനോടു വ്യക്തമാക്കി. 

‘എന്നെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷതകൾ നിറഞ്ഞതാണ് ഈ പാട്ട്. കൗമാരകാലം മുതൽ മനസ്സിൽ കയറിക്കൂടിയ സുന്ദരഗാനം. ടാറ്റൂ ചെയ്യുന്നതിനോടും എനിക്കേറെ ഇഷ്ടമാണ്. കൊച്ചിയിലെ ഡ്രീം ക്യാച്ചർ സ്റ്റുഡിയോയിലെ ശ്യാമ ആണ് എനിക്കു പ്രിയപ്പെട്ട സൂര്യകാന്തി പൂവിന്റെ ഡിസൈൻ ചെയ്തു തന്നത്. ടാറ്റൂ ചെയ്യാൻ തീരുമാനിച്ചപ്പോൾ എന്തുകൊണ്ട് അത് വിഡിയോ ആയി ചിത്രീകരിച്ചുകൂടാ എന്നതായിരുന്നു ചിന്ത. അങ്ങനെയാണ് എനിക്കേറെ ഇഷ്ടമുള്ള പാട്ടു കൂടി ഉൾപ്പെടുത്തി ടാറ്റൂ വിഡിയോ ഒരുക്കിയത്. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു’.– ഗൗരി ലക്ഷ്മി പറഞ്ഞു. 

മികച്ച പ്രതികരണങ്ങളാണ് ഗൗരി ലക്ഷ്മിയുടെ വിഡിയോയ്ക്കു ലഭിക്കുന്നത്. ജോ ജോൺസൺ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. വിഷ്ണു മോഹൻ ചിത്രീകരിച്ച വിഡിയോ എഡിറ്റ് ചെയ്തത് സുധീഷ് എം എസ്. ഇതിനു മുൻപും ഗൗരി ലക്ഷ്മി ഒരുക്കിയ സംഗീത വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറക്കിയ ‘മാനേ’ സംഗീത ആൽബം മികച്ച പ്രതികരണങ്ങളോടെ നിരവധി ആസ്വാദകരെ സ്വന്തമാക്കിയിരുന്നു.