ആലപ്പുഴയുടെ സ്വന്തം കവികൾ വരികൾ കുറിച്ചു; ബൈപ്പാസിന് ആഘോഷപ്പാട്ടൊരുക്കി മനോരമ
ആലപ്പുഴ ബൈപ്പാസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ആഘോഷഗാനമൊരുക്കി മലയാള മനോരമ. ആലപ്പുഴയിലെ തന്നെ പാട്ടെഴുത്തുകാരായ ശ്രീകുമാരൻ തമ്പി, വയലാർ ശരത്ചന്ദ്ര വർമ, ബീയാർ പ്രസാദ്, രാജീവ് ആലുങ്കൽ എന്നിവർ ചേർന്നാണ് പാട്ടിനു വരികൾ കുറിച്ചത്. ജാസി ഗിഫ്റ്റ് ആണ് സംഗീതം. വിജേഷ് ഗോപാലും ജാസി ഗിഫ്റ്റും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.
‘ആലപ്പുഴയുടെ രാജപാതകൾക്കാശ്വാസമരുളാനായ്
നമ്മൾ കാത്ത സമാന്തരവീഥി
സാഫല്യമടയുകയായ് വിഘ്നങ്ങളകലുകയായ്
വിസ്മയ ഭാവങ്ങളുണരുകയായ്.....’
അര നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാകുമ്പോൾ ആഘോഷങ്ങൾക്കു കൂട്ടായെത്തിയ പാട്ട് ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആലപ്പുഴയുടെ തനതു ഭംഗിയെല്ലാം ഒപ്പിയെടുത്താണ് വിഡിയോ ചിത്രീകരിച്ചത്. സുരേഷ് വിശ്വം, ബിനീഷ് പുന്നപ്രയും ചേർന്നാണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. സനു കോന്നിയാണ് എഡിറ്റിങ്. അശ്വിന്‍ പാട്ടിന്റെ ഓർക്കസ്ട്രേഷനും എ.ബി അഖിൽ മിക്സിങ്ങും നിർവഹിച്ചു.