കവർ ഗാനവുമായ് വന്ന് വീണ്ടും ആസ്വാദകഹൃദയം തൊട്ട് ഗായകൻ അനൂപ് ശങ്കർ. 1970ൽ പുറത്തിറങ്ങിയ ‘സഫർ’ എന്ന ചിത്രത്തിലെ ‘ജീവൻ സേ ബാരി’ എന്ന ഗാനത്തിനാണ് അനൂപിന്റെ കവർ പതിപ്പ്. കല്യാൺജി ആനന്ദ്ജിയുടെ സംഗീതത്തിലും കിഷോർ കുമാറിന്റെ ആലാപനത്തിലും തിളങ്ങിയ ഗാനത്തിന് ഇന്നും ആസ്വാദകർ ഏറെയാണ്. ഇന്ദീവർ ആണ് അരനൂറ്റാണ്ടു മുൻപ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. അനൂപിന്റെ പാട്ട് ഇതിനോടകം ആസ്വാദകഹൃദയങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. യഥാർഥ പാട്ടിനെ മുറിപ്പെടുത്താതെ അതിന്റെ തീക്ഷ്ണത ഉൾക്കൊണ്ട് അതിമനോഹരമായാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. പാട്ടു വിശേഷം അനൂപ് മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

‘കല്യാൺജി ആനന്ദ്ജി ഒരുക്കിയതിൽ ഏറെ വ്യത്യസ്തത നിറഞ്ഞ ഗാനമാണിത്. ഹിന്ദിയിൽ പ്രണയം അടിസ്ഥാനമാക്കിയുള്ള ക്ലാസിക്കൽ ഗാനങ്ങൾ വളരെ ചുരുക്കമായേ കാണാനാകൂ. അതിൽ ഒന്നാണിത്. കിഷോർ കുമാറിന്റെ സ്വരഭംഗിയിലൊരുങ്ങിയ പാട്ടുകളിൽ ഏറെ വ്യത്യസ്തമായ ഒന്ന്. അക്കാര്യം അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇന്ദീവർ ആണ് പാട്ടിനു വരികൾ കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അദ്ദേഹം എഴുതിയ മറ്റു ഗാനങ്ങളും സംഗീതപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 

വേറിട്ട തരത്തിലുള്ള ഗാനമാണിതെങ്കിലും ഇതിനു മികച്ച ഒരു പുനരാവിഷ്കാര വിഡിയോ ഇല്ല എന്നു തന്നെ പറയാം. അതുകൊണ്ടാണ് കവര്‍ ഒരുക്കാൻ ഈ ഗാനം തന്നെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. യഥാർഥ ഗാനത്തെ മുറിപ്പെടുത്താതെ കവർ പതിപ്പൊരുക്കണമെന്ന് എനിക്ക് ഏറെ ആഗ്രഹവും നിർബന്ധമുണ്ടായിരുന്നു. അതിനു വേണ്ടി മികച്ച സംഗീത‍‍ജ്ഞരെത്തന്നെയാണ് കൂടെക്കൂട്ടിയത്. കൊച്ചിൻ സ്ട്രിങ്സ് ആണ് വയലിനിൽ ഈണമൊരുക്കിയത്. ഫ്രാൻസിസ് സേവ്യറും ജോസുകുട്ടിയുമൊക്കെ വളരെ മികച്ച സംഗീതജ്ഞരാണ്. അവർ അതിസുന്ദരമായിത്തന്നെ പാട്ടിനൊപ്പം ചേർന്നു. പിന്നെ മലയാളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള സിത്താർ‌ വാദകനായ പോൾസണും പാട്ടിന്റെ ഭാഗമായി. 

വളരെ പ്രധാനപ്പെട്ടതായി എടുത്തു പറയേണ്ട മറ്റൊരു കാര്യമുണ്ട്. പാട്ട് എത്ര മികച്ച രീതിയിൽ ചെയ്താലും അതിന്റെ അറേഞ്ച്മെന്റ്സ് ശരിയായില്ലെങ്കില്‍ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടുമെന്നു തീർച്ചയാണ്. യാതൊരു പിഴവുമില്ലാതെ രാമുരാജ് ആണ് പാട്ട് അതിമനോഹരമായി അറേഞ്ച് ചെയ്തത്. അമോഷ് വളരെ മികച്ച രീതിയിൽ ഗാനരംഗങ്ങൾ ചിത്രീകരിക്കുകയും എഡിറ്റിങ് നിർവഹിക്കുകയും ചെയ്തു. പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഏറെ സന്തോഷം തോന്നുന്നു. ഞാൻ ഏറ്റവുമധികം ആസ്വദിച്ചു പാടിയ ഗാനമാണിത്. ഗായകൻ ശ്രീനിവാസൻ ഉൾപ്പെടെ സംഗീതരംഗത്തെ പ്രമുഖർ വിളിച്ചു പ്രശംസിച്ചു. പിന്തുണകൾക്കും പ്രോത്സാഹനങ്ങൾക്കും എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുകയാണ്’.– അനൂപ് ശങ്കർ പറഞ്ഞു.