ലോകമെമ്പോടുമുളള സിനിമാപ്രേമികളുടെ പ്രശംസകൾ ഏറ്റുവാങ്ങി തരംഗമാവുകയാണ് വൈറ്റ് ടൈഗർ. ഇതിനിടെ വൈറ്റ് ടൈഗറിലെ പിങ്കിയായി വന്ന് കയ്യടി നേടിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെക്കുറിച്ച് ശ്രദ്ധേയമായ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസ്. ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് ഓസ്കറിൽ കുറഞ്ഞതൊന്നും ലഭിക്കാൻ സാധ്യതയില്ലെന്നാണ് നിക്കിന്റെ പ്രവചനം. 

വൈറ്റ് ടൈഗർ പുറത്തിറങ്ങിയപ്പോൾ മുതൽ പ്രിയങ്കയെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചതും നിക്ക് തന്നെയാണ്. 'നീയാകും ജോനാസ് കുടുബത്തിലെ ആദ്യ ഓസ്കർ ജേതാവ്' എന്നാണ് തന്നോട് സിനിമ കണ്ടയുടനെ നിക്ക് പറ‍ഞ്ഞതെന്ന് പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് അതിന്റെ ട്രയിലർ കാണുന്ന വിഡിയോയും നിക്ക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സിനിമ വളരെ മികച്ചതാണെന്നും തന്റെ ഭാര്യ ഗംഭീരമായി അഭിനയിച്ചിട്ടുണ്ടെന്നും നിക്ക് അടിക്കുറിപ്പുമിട്ടു.

ചിത്രത്തിലെ പ്രിയങ്കയുടെ അഭിനയം കണ്ട നിക് ജൊനാസിന്റെ പിതാവ് പോൾ കെവിൻ ജൊനാസ് സീനിയറിന്റെ പ്രതികരണംവും ശ്രദ്ധേയമായിരുന്നു. ‘ശക്തമായ ഈ സിനിമ എല്ലാവരും കാണണം. ഞങ്ങളുടെ പ്രിയങ്കരിയായ മരുമകളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്’ എന്നായിരുന്നു പോൾ ജൊനാസ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അദ്ദേഹത്തിന്റെ പ്രശംസാവാക്കുകൾക്കു നന്ദിയും സ്നേഹവും അറിയിച്ച് പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിരുന്നു. 

ഇതുവരെ ആരും പരീക്ഷിക്കാത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്ന് പ്രിയങ്ക മുൻപ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ െചയ്യാൻ അവസരമുണ്ടായിട്ടുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. ഓരോ തീരുമാനങ്ങളിലും പിന്തുണയ്ക്കുന്ന പങ്കാളിയാണ് തന്റെ ജീവിതത്തെ വിജയകരമാക്കുന്നതെന്നും പ്രിയങ്ക പറയുന്നു.

അരവിന്ദ് അഡിഗയ്ക്കു ബുക്കർ പ്രൈസ് നേടിക്കൊടുത്ത നോവലാണ് പിന്നീട് അതേ പേരിൽ സിനിമയായത്.‌ പ്രിയങ്ക ചോപ്ര നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രമിൺ ബഹ്‌റാനിയാണ്. ആദർശ് ഗൗരവ്, രാജ്കുമാർ റാവു എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നത്.