ഇന്ത്യന്‍ സംഗീത ലോകത്തെ ട്രെന്‍ഡായി മാറിയ ബേബിഡോൾ ഗാനം പാടിയത് സ്വകാര്യ ജീവിതത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്നതിനിടയിലാണെന്നു തുറന്നു പറഞ്ഞ് ഗായിക കനിക കപൂർ. കനികയെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയയാക്കിയ ഗാനമാണിത്. സണ്ണി ലിയോണിന്റെ ഡാൻസ് നമ്പർ ആയ ബേബി ഡോളിനൊപ്പം രാജ്യമൊന്നാകെ ചുവടു വച്ചു. പാട്ട് ഹിറ്റാ‌യതോടെ ബേബി ഡോൾ ഗായിക എന്ന പേരിലാണ് കനിക കപൂർ‌ അറിയപ്പെടുന്നതു തന്നെ. എന്നാൽ ആ സമയത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ചാണ് കനിക ഇപ്പോൾ വെളിപ്പെടുത്തിയത്. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കനിക കപൂറിന്റെ തുറന്നു പറച്ചിൽ. 

‘ജീവിതത്തിൽ ഏറെ മനോവിഷമങ്ങളിൽക്കൂടി കടന്നു പോകുന്ന സമയത്താണ് ‘ബേബി ഡോൾ’ ഗാനം ആലപിക്കാനുള്ള അവസരം എന്നെത്തേടിയെത്തുന്നത്. ജയപരാജയങ്ങൾക്കു നടുവിലായിരുന്നു ഞാൻ ആ കാലത്ത്. എങ്കിലും പാടാനുള്ള അവസരം ഏറ്റെടുത്തു. ആദ്യം കേട്ടപ്പോൾ തന്നെ വരികളുടെ അർഥം ഞാൻ മനസ്സിലാക്കി. അങ്ങനെ പാടാൻ തീരുമാനിച്ചു. പ്രതികാരചിന്തയോടെയാണ് അന്ന് ആ പാട്ട് ഏറ്റെടുത്തു പാടിയത്. മനസ്സ് ശാന്തമല്ലായിരുന്നെങ്കിലും പാട്ട് ആത്മാർഥമായിത്തന്നെയാണ് പാടിയത്. ജീവിതത്തിൽ അസ്വസ്ഥതകൾക്കിടയിലായിരുന്നെങ്കിലും ആലാപനത്തിൽ അതൊന്നും പ്രതിഫലിച്ചില്ല. ആളുകൾ ബേബി ഡോൾ ഏറ്റെടുത്തതില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു’.– കനിക പറഞ്ഞു.

രാഗിണി എംഎംഎസിലേതാണു ബേബി ഡോൾ. മീറ്റ് ബ്രോസ് അഞ്ചാൻ ആണ് പാട്ട് ചിട്ടപ്പെടുത്തിയത്. മീറ്റ് ബ്രോസ് കനികയ്ക്കൊപ്പം ആലാപനത്തിലും പങ്കു ചേർന്നിട്ടുണ്ട്. കുമാർ ആണ് പാട്ടിനു വരികൾ കുറിച്ചത്. തന്റെ പാട്ടിഷ്ടങ്ങളുടെ പട്ടികയിൽ ബേബി ഡോളിനു രണ്ടാം സ്ഥാനമുണ്ടെന്ന് കനിക കപൂർ വ്യക്തമാക്കി. ജുഗ്‌നി ആണ് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമായി കനിക ചൂണ്ടിക്കാണിക്കുന്നത്.