രാജ്യതലസ്ഥാനത്തു നടക്കുന്ന കർഷകസമരത്തെ പിന്തുണച്ചുകൊണ്ട് ‘എന്തുകൊണ്ട് നാം ഇതേക്കുറിച്ചു സംസാരിക്കുന്നില്ല’ എന്ന ഒറ്റവരി ട്വീറ്റിലൂടെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പോപ് താരമാണ് റിഹാന. താരത്ത എതിർത്തും അനുകൂലിച്ചും പ്രമുഖരുൾപ്പെടെയുള്ളവർ രംഗത്തു വന്നു. ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിലിപ്പോൾ റിഹാനയെക്കുറിച്ചു കൂടുതല്‍ വിവരങ്ങൾ അന്വേഷിക്കുകയാണ് പലരും. 

റിഹാന ആരാണ്? എന്താണ്? എവിടെ നിന്നാണ്? പശ്ചാത്തലം എന്ത്? തുടങ്ങി പല അന്വേഷണങ്ങളുമായി നിരവധി ഇന്ത്യക്കാർ ഗൂഗിളിനെ സമീപിച്ചു. റിഹാനയുടെ മതം ഏതാണെന്നാണ് ഒരു വിഭാഗത്തിന് അറിയേണ്ടത്. ഇക്കാര്യം പല ഇന്ത്യക്കാരും ഗൂഗിളിൽ തിരഞ്ഞു. ഗായിക മുസ്ലീം ആണോ എന്നാണ് ഭൂരിഭാഗത്തിനും അറിയേണ്ടത്. ഇതു സംബന്ധിച്ച ചർച്ചകളും സജീവമായി. ക്രിസ്തുമത പശ്ചാത്തലത്തിലാണ് റിഹാന വളര്‍ന്നെതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ട്വിറ്ററിൽ 100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പോപ്പ് താരമാണ് റിഹാന. 1988ൽ ബാർബഡോസിലാണ് റിഹാന ജനിച്ചത്. ഇവാൻ റോജേഴ്സ് റിഹന്നയുടെ പ്രതിഭ തിരിച്ചറിഞ്ഞ് യുഎസിലേക്കു ക്ഷണിക്കുന്നതോടെയാണ് അതുവരെ ലോകം അറിയാതിരുന്ന ഗായിക പ്രശസ്തയാകുന്നത്. ഇതിനോടകം 9 ഗ്രാമി പുരസ്കാരങ്ങള്‍ നേടി. അമേരിക്കൻ മ്യൂസിക് അവാർഡ്, ബിൽബോർഡ് സംഗീത പുരസ്കാരം എന്നിവയും സ്വന്തമാക്കി. ബിൽബോർഡ് ഹോട് 100 ചാർട്ടിൽ 14 തവണ ഇടംപിടിച്ച ആദ്യ ഗായിക എന്ന ഖ്യാതിയും റിഹാനയ്ക്കു സ്വന്തം. 

കർഷകസമരത്തെ പിന്തുണച്ചുള്ള റിഹാനയുടെ ട്വീറ്റ് വൈറലായതോടെ പ്രമുഖരുൾപ്പെടെയുള്ളവർ ഗായികയെ എതിർത്തും അനുകൂലിച്ചും രംഗത്തു വന്നു. ട്വീറ്റ് കണ്ട് രോഷാകുലയായ ബോളിവുഡ് താരം കങ്കണ റണൗട്ട് റിഹാനയെ ‘വിഡ്ഢീ’ എന്നു വിളിച്ച് ആക്ഷേപിച്ചു. കർഷകര്‍ എന്നും രാജ്യത്തിന് അഭിമാനമാണെന്നും പുറത്തു നിന്നുള്ളവർ ഇന്ത്യയിലെ കാര്യത്തിൽ ഇടപെടണ്ട എന്നുമായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രഖ്യാൻ ഓജയുടെ പ്രതികരണം.