കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തു വന്ന വിദേശ സെലിബ്രിറ്റികൾക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ നടത്തിയ പരാമർശത്തെക്കുറിച്ചു പ്രതികരിച്ച് സംഗീതസംവിധായകൻ കൈലാസ് മേനോന്‍. ജീവിതത്തിൽ ഏറ്റവും ആരാധിക്കുന്ന വ്യക്തിയോട് ആദ്യമായി വിയോജിക്കുന്നുവെന്നാണ് കൈലാസ് കുറിച്ചത്. ബ്ലാക്ക് ഹ്യൂമർ സൊസൈറ്റിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു കൈലാസ് മേനോൻ പ്രതിഷേധം അറിയിച്ചത്. 

അഭിപ്രായസ്വാതന്ത്ര്യത്തോടുകൂടി സച്ചിന്‍ സംസാരിച്ചപ്പോൾ റിയാന, ഗ്രേറ്റ, മീന ഹാരിസ് തുടങ്ങിയവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ആക്രമിക്കുകയായിരുന്നുവെന്ന് ബ്ലാക്ക് ഹ്യൂമർ സൊസൈറ്റിയുടെ സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നു. കർഷകസമരത്തെ എതിർക്കാനും അനുകൂലിക്കാനും സച്ചിന് അവകാശമുണ്ടെങ്കിലും മറ്റുള്ളവർ അതിൽ ഇടപെടേണ്ട എന്നു പറയാൻ യാതൊരു അധികാരവും ഇല്ല എന്നും കുറിപ്പിൽ പറഞ്ഞുവയ്ക്കുന്നു. സച്ചിൻ തെണ്ടുൽക്കറിന്റെ പോസ്റ്റിനെ നിശിതമായി വിമർശിച്ചുകൊണ്ടാണ് കുറിപ്പ്.

കഴിഞ്ഞ ദിവസം കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  പോപ്പ് ഗായിക റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ് ട്യുൻബെർഗ്, കമല ഹാരിസിന്റെ സഹോദരീപുത്രി മീന ഹാരിസ് എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു സച്ചിൻ തെണ്ടുൽക്കറിന്റെ പോസ്റ്റ്. ‘രാജ്യത്തിന്റെ പരമാധികാരത്തിൽ‌ വിട്ടുവീഴ്ചയുണ്ടാകരുത്. പുറത്തുനിന്നുള്ളവർ കാഴ്ചക്കാരായാൽ മതി. ഇന്ത്യയുടെ പ്രശ്നത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. തീരുമാനങ്ങളെടുക്കാനും അറിയാം. ഒറ്റ രാജ്യമെന്ന നിലയിൽ ഐക്യത്തോടെ നിൽക്കാം’ എന്നായിരുന്നു സച്ചിൻ കുറിച്ചത്. തുടർന്ന് സച്ചിനെതിരെ പ്രമുഖർ ഉൾപ്പെടെ നിരവധി പേര്‍ പ്രതികരിച്ചു. സച്ചിന്റെ ട്വീറ്റിനെതിരെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ വിമര്‍ശനം അറിയിച്ചു. സച്ചിൻ തെൻഡുൽക്കർ ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്‍ഡിങ്ങാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT