മോഹൻലാൽ– പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കുഞ്ഞു കുഞ്ഞാലി’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തിറങ്ങിയത്. റോണി റാഫേൽ ഇൗണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്. ഹരിനാരായണൻ എഴുതിയിരിക്കുന്ന ഗാനം കുഞ്ഞാലിയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ളതാണ്. 

പ്രണവ് മോഹൻലാലും, ഫാസിലും, സുഹാസിനിയുമാണ് ലിറിക്കൽ‌ വിഡിയോയിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വൻ താരനിരയാണ് മരയ്ക്കാറിൽ അണി നിരക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. മഞ്ജു വാര്യര്‍, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവർ അഭിനയിക്കുന്നു.

കഴിഞ്ഞ വർഷം മാർച്ച് 26–ന് എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കുകയായിരുന്നു. ഇക്കൊല്ലം ഒാണത്തിന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.