‘എനിക്ക് ഒരുപാട് കുഞ്ഞുങ്ങൾ വേണം’; ആഗ്രഹം വെളിപ്പെടുത്തി നിക് ജൊനാസ്
ജീവിതത്തിലെ പ്രധാനപ്പെട്ട ആഗ്രഹങ്ങളിലൊന്നു വെളിപ്പെടുത്തി ഗായകനും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക് ജൊനാസ്. പ്രിയങ്കയ്ക്കൊപ്പം ഇപ്പോഴുള്ളതുപോലെ തന്നെ ഇനിയും സുന്ദരമായ ഒരു ജീവിതമുണ്ടാകണമെന്നും ഒരുപാട് കുഞ്ഞുങ്ങള്‍ വേണമെന്നും നിക് പറഞ്ഞു. ജീവിതത്തിൽ പ്രിയങ്കയ്ക്കും അവളുടെ സന്തോഷങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നും നിക് വെളിപ്പെടുത്തി. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിക് കുടുംബജീവിതത്തിലുള്ള ആഗ്രഹങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞത്.
‘ദൈവം ഞങ്ങളെ രണ്ടുപേരെയും ഒരുമിപ്പിച്ചിതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവുമായി കരുതുന്നത്. ഇനിയും ആ അനുഗ്രഹം തുടരട്ടെ. ഇപ്പോൾ ഉള്ളതുപോല തന്നെ അവൾക്കൊപ്പം സുന്ദരമായ ഒരു ജീവിതം ഉണ്ടാകണം. ഇപ്പോഴത്തെ ഞങ്ങളുടെ ജീവിതയാത്ര വളരെ മനോഹരമാണ്. ഇനിയും അത് അങ്ങനെ തന്നെ വേണം. അവളുടെ സന്തോഷമാണ് എനിക്കു വലുത്. അതിനാണ് ഞാൻ എപ്പോഴും പ്രാധാന്യം കൊടുക്കുന്നത്. ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്നാണ് എന്റെ ആഗ്രഹം. ദൈവം അനുവദിച്ചാൽ ഭാവിയിൽ അതു സംഭവിക്കുമെന്നും അങ്ങനെ ഞങ്ങളുടെ സന്തോഷം ഇരട്ടിയാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’, നിക് പറഞ്ഞു.
ഏതാനും വർഷങ്ങൾക്കു മുൻപ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്കയും തന്റെ കുടുംബത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ക്രിക്കറ്റ് ടീം അംഗങ്ങളുടെ എണ്ണം പോലെ 11 മക്കൾ വേണമെന്നായിരുന്നു താരത്തിന്റെ അന്നത്തെ തുറന്നു പറച്ചിൽ. എന്നാൽ അത് എത്രത്തോളം സാധ്യമാകുമെന്നു തനിക്കുറപ്പില്ല എന്നും കൂട്ടിച്ചേർത്തിരുന്നു. പിന്നീട് ഈ പ്രസ്താവന പ്രിയങ്ക തിരുത്തി പറഞ്ഞു. വർഷങ്ങൾക്കു മുൻപ് പറഞ്ഞ ഒരു കാര്യം മുറുകെപ്പിടിച്ച് അതുസംബന്ധിച്ചു ചർച്ചകൾ നടത്തരുതെന്നും തനിക്കും നിക്കിനും എത്ര കുഞ്ഞുങ്ങൾ ആണോ ഉണ്ടാകുന്നത് അവരെ പൂർണമനസ്സോടെ സ്വീകരിക്കുമെന്നും പ്രിയങ്ക ഈയടുത്ത കാലത്ത് വെളിപ്പെടുത്തിയിരുന്നു.