കെ.ജെ.യേശുദാസിന്റെ ഭാര്യ പ്രഭയ്ക്ക് പിറന്നാൾ സമ്മാനമായി പാട്ടൊരുക്കി ഫാ.ജോണ്‍ പിച്ചാപ്പിള്ളി. പ്രഭയ്ക്ക് ഏറെ പ്രിയപ്പെട്ട ‘നാഥാ’ എന്നു തുടങ്ങുന്ന ഗാനമാണ് പിറന്നാൾ ആശംസാഗാനമായി പുറത്തിറക്കിയത്. ഫാ.ജോൺ പിച്ചാപ്പിള്ളിയുടെ വരികൾക്ക് ശ്യാം സംഗീതം പകർന്ന ഗാനമാണിത്. യേശുദാസ് തന്നെയാണ് ഗാനം ആലപിച്ചത്. ഫാ.ജോൺ പിച്ചാപ്പിള്ളി രചിച്ച എഴുപതോളം ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഭൂരിഭാഗവും ആലപിച്ചിരിക്കുന്നത് യേശുദാസ് തന്നെയാണ്. അഞ്ചു പാട്ടുകൾക്ക് വിജയ് യേശുദാസും സ്വരമായിട്ടുണ്ട്. 

യേശുദാസിനോടും കുടുംബത്തോടും വർഷങ്ങളായുള്ള ആത്മബന്ധമുണ്ട് ഫാ.ജോണ്‍ പിച്ചാപ്പിള്ളിക്ക്. യേശുദാസിന് എക്കാലവും പ്രചോദനവും പിന്തുണയുമായി ഒപ്പം നിൽക്കുന്ന പ്രഭയ്ക്കുള്ള സ്നേഹാദരമാണ് ഈ വിഡിയോ എന്ന് അദ്ദേഹം പറയുന്നു. ലോക്ഡൗണിൽ അമേരിക്കയിൽ താമസിക്കേണ്ടി വന്നതിനാൽ ഇത്തവണ പിറന്നാൾ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്.  

യേശുദാസിന്റെ സംഗീതപരിപാടികളിലെല്ലാം നിറസാന്നിധ്യമാണ് പ്രഭ. യേശുദാസ് എന്ന ഗായകന്റെ വലിയ ആരാധിക കൂടിയാണ് അവർ. വേദിയിൽ അദ്ദേഹം പാടുമ്പോൾ സദസ്സിന്റെ മുൻനിരയിലിരുന്ന് ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന പ്രഭ മലയാളികൾക്ക് ഏറെ പരിചിതയാണ്. പ്രിയ കലാകാരന്റെ പ്രിയപ്പെട്ടവൾക്ക് ആശംസകളും പ്രാർത്ഥനകളും ആയുരാരോഗ്യസൗഖ്യവും സ്നേഹപൂർവ്വം നേർന്നുകൊണ്ടാണ് ഫാ. ജോൺ പിച്ചാപ്പിള്ളിയുടെ പിറന്നാൾ സമ്മാനം.