ആ അവാർഡ് സ്വാമിയെ തേടിയെത്തിയ വഴി
ഒടുവില്‍ സ്വാമിയുടെ പേരിലുള്ള ആ പുരസ്കാരം ചെന്നൈ റായപ്പേട്ടയില്‍ കല്യാണിയമ്മയെ തേടിയെത്തി. ചെന്നൈ റായപ്പേട്ടയിലുള്ള ഫ്ലാറ്റില്‍ സംവിധായകന്‍ സേതു ഇയ്യാലിന്റെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ പാട്ടിനൊപ്പം സ്വാമിയുടെ പ്രിയം ഏറ്റുവാങ്ങിയ സഹധര്‍മിണി കല്യാണി അമ്മ സ്വാമിയുടെ ഓര്‍മകളില്‍ മുങ്ങി. മൂത്ത മകന്‍ വെങ്കിടേശ്വരനും ഭാര്യ ലളിതയ്ക്കുമൊപ്പം ആ പുരസ്കാരം കൈപ്പറ്റി.
2013ലാണു സേതു ഇയ്യാലിന്റെ ‘ശ്യാമരാഗം’ എന്ന സിനിമയ്ക്കുവേണ്ടി ശാസ്ത്രീയഭംഗിയുള്ള പാട്ടുകള്‍ ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയത്. യേശുദാസ്, മകന്‍ വിജയ്, കൊച്ചുമകള്‍ അമേയ എന്നിങ്ങനെ മൂന്നു തലമുറ ഈ സിനിമയില്‍ പാടി. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിനെയും പാടിച്ചിട്ടുണ്ട് ദക്ഷിണാമൂര്‍ത്തി. ഒരു നിമിത്തമെന്നപോലെ നാലുതലമുറയേയും പാടിച്ച് റെക്കോർഡ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ ദക്ഷിണാമൂര്‍ത്തി ഓര്‍മയായി.
സിനിമ നിര്‍മാണം 2019ലാണു പൂര്‍ത്തിയായത്. മനോഹരമായ ഈ ഗാനങ്ങള്‍ക്ക് അവാര്‍ഡ് പ്രത്യേക പരാമര്‍ശത്തിലൊതുങ്ങിയെങ്കിലും അത് ദക്ഷിണാമൂര്‍ത്തിക്ക് മരണാനന്തര അംഗീകാരമായി. പക്ഷേ, ഏറ്റുവാങ്ങാന്‍ ആരോഗ്യപ്രശ്നം മൂലം ചെന്നൈയില്‍ നിന്നെത്താന്‍ കല്യാണിയമ്മയ്ക്കു കഴിഞ്ഞില്ല. സേതു ഇയ്യാലിനോടു പുരസ്കാരം വാങ്ങാന്‍ അവര്‍ നിർദേശിച്ചു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് സ്വീകരിച്ച അവാര്‍ഡ് സേതു ഇന്നലെ ചെന്നൈ റായപ്പേട്ടയിലെ വസതിയില്‍ എത്തി കൈമാറുകയായിരുന്നു. ആ സന്തോഷ നിമിഷത്തില്‍ യേശുദാസ് അമേരിക്കയില്‍ നിന്നു യാദൃശ്ചികമായി സേതുവിനെ വിളിച്ചു. ഫോണ്‍ കല്യാണിയമ്മയ്ക്കു കൈമാറി.
ദക്ഷിണാമൂര്‍ത്തിയും കല്യാണിയമ്മയും ഏതു ക്ഷേത്രത്തില്‍ മക്കള്‍ക്കുവേണ്ടി വഴിപാട് കഴിച്ചാലും ഒപ്പം യേശുദാസിനും പ്രഭയ്ക്കും വേണ്ടിയും വഴിപാട് കഴിക്കുമായിരുന്നു. ആ യേശുദാസിന്റെ വിളി ആ പുരസ്കാര കൈമാറ്റനിമിഷത്തില്‍ എത്തിയതും ഗുരുത്തം!
1971ലാണ് ദക്ഷിണാമൂര്‍ത്തിക്ക് ജീവിച്ചിരിക്കെ ഏക സംസ്ഥാന പുരസ്കാരം ലഭിച്ചത്. അതിനാല്‍ മരണശേഷം ലഭിച്ച ഈ അംഗീകാരം കുടുംബത്തിനു പ്രിയപ്പെട്ടതായി. തലശേരിയില്‍ മക്രേരി അമ്പലത്തില്‍ സ്വാമി പണിയിച്ച സരസ്വതി മണ്ഡപത്തില്‍ അദ്ദേഹത്തിന്റെ മറ്റ് പുരസ്കാരങ്ങള്‍ക്കൊപ്പം ഇടം പിടിക്കും.