ഗാനരചയിതാവ് എന്ന നിലയിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിഭയെക്കുറിച്ച് ഗാനാസ്വാദകർക്കു തികഞ്ഞ ബോധ്യമുണ്ട്. അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ രസകരവും വ്യത്യസ്തവുമായ ചില ഓർമ്മകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. പാട്ടെഴുത്തുകാരൻ എന്നതിനൊപ്പം കഥകളുടെ വലിയൊരു നിലവറയും അതീവരസികനുമായിരുന്നു ഗിരീഷേട്ടൻ.

മുൻപരിചയമുണ്ടെങ്കിലും അദ്ദേഹവുമായി കൂടുതൽ അടുക്കുന്നതിന് കാരണക്കാരൻ ജയചന്ദ്രൻ ചേട്ടൻ ആണ്. ഗിരീഷ് പുത്തഞ്ചേരി-എം ജയചന്ദ്രൻ കൂട്ടുകെട്ട് മനോഹരങ്ങളായ പാട്ടുകൾ നമുക്കു സമ്മാനിച്ചിട്ടുണ്ട്. ഇവരുടെ പാട്ട് ഉണ്ടാക്കൽ പ്രക്രിയയിൽ സഹായിയായി ഒപ്പം കൂടാൻ കഴിഞ്ഞ നിമിഷങ്ങളിലാണ് ഗിരീഷേട്ടനുമായി ഹൃദയബന്ധം ഉണ്ടായത്. 

ഗിരീഷേട്ടൻ ഒരു പ്രവാഹമായിരുന്നു. ചില ദിവസങ്ങളിൽ ശാന്തമായൊഴുകുന്ന കുളിരരുവി. മറ്റു ചില ദിവസങ്ങളിൽ കരയിലെയും ഒഴുകിവരുന്ന വഴികളിലെയും സകലതും തല്ലിത്തകർക്കുന്ന അക്രമിയായ പുഴ. പ്രഭാതങ്ങളിൽ നെറ്റിയിൽ ഭസ്മക്കുറിയും കഴുത്തിൽ കൈലാസ യാത്രയിൽ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്ന രുദ്രാക്ഷവും അണിഞ്ഞ്, കക്ഷത്തിൽ ഭാഷാപോഷിണിയും ഏറ്റവും പുതിയ ഏതെങ്കിലും ഒരു കവിതാപുസ്തകവും ഡയറിയും ഒക്കെയായി വരുന്ന സാത്വികനായ കവിപുംഗവൻ. ചില സായന്തനങ്ങളിൽ ലഹരിയിൽ ആറാടി തമാശകൾ കൊണ്ടു ചിരിച്ചു മറിഞ്ഞും പൊട്ടിച്ചിരിപ്പിച്ചും മറ്റുചിലപ്പോൾ കലഹിച്ചും അസ്വസ്ഥതകൾ സമ്മാനിച്ചും കൂടെയുള്ളവരെ പുലഭ്യം പറഞ്ഞും ഗിരീഷേട്ടന്റെ സാന്നിധ്യം സംഭവബഹുലമായിരുന്നു. 

സംവിധായകർ നിർദ്ദേശിക്കുന്ന ഗാനസന്ദർഭത്തിലേക്കു മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്ന പ്രക്രിയയ്ക്കേ അദ്ദേഹം സമയം എടുത്തിരുന്നുള്ളൂ. പാട്ടെഴുതാൻ പത്തുമിനിറ്റ്. ഏറിയാൽ പതിനഞ്ച്! പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിൽ നിന്ന്, മറ്റാരും കേൾക്കാതെ അദ്ദേഹത്തിന്റെ കാതിൽ ആരോ പറഞ്ഞു കൊടുക്കുന്നതാണ് കടലാസിൽ പകർത്തുന്നതെന്ന് കണ്ടുനിൽക്കുന്നവർക്ക് തോന്നിപ്പോകും.

ചക്കരമുത്ത് എന്ന ലോഹിതദാസ് സിനിമയുടെ കമ്പോസിങ് ഷൊർണൂർ കുളപ്പുള്ളി ഗസ്റ്റ് ഹൗസിൽ നടക്കുന്ന സമയം. ഗിരീഷേട്ടൻ കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും മൂഡിലേയ്ക്കെത്തി. ജയൻ ചേട്ടൻ പ്രണയഗാനത്തിന്റെ പല്ലവിയുടെ ഈണം മൂളിക്കേൾപ്പിച്ചു. ഈണം ഇഷ്ടപ്പെട്ടാൽ അദ്ദേഹമത് നിറഞ്ഞാസ്വദിക്കും. ഗിരീഷേട്ടന്റെ മുഖം തെളിഞ്ഞു. 'ഒന്നുകൂടി പാടെടാ മുത്തേ' എന്നു പറഞ്ഞു. കുറച്ചു നിമിഷങ്ങൾ കണ്ണടച്ചിരുന്നു. ഗൂഢമായി ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു

"തളിരോല പന്തലിട്ടു ഞാൻ, തിരുതാലിത്തൊങ്ങലിട്ടു ഞാൻ 

വരവേൽക്കാം നിന്നെയെന്റെ പൊന്നേ ....

എന്നു പാടി നോക്ക്".

വരികളാണോ ഈണമാണോ ആദ്യമുണ്ടായതെന്ന് ആസ്വാദകനെ സംശയിപ്പിക്കുന്ന പാട്ടുകൾ! പലപ്പോഴും ഈണത്തിനനുസരിച്ചു  വരികൾ അദ്ദേഹം പറഞ്ഞു കേൾപ്പിക്കുമ്പോൾ രോമാഞ്ചം ഉണ്ടായിട്ടുണ്ട്.

കഥാ സന്ദർഭത്തിലേക്കു കടക്കാൻ വേണ്ടി ഗിരീഷേട്ടൻ മറ്റു കഥകൾ പറയും. ആ കഥപറച്ചിൽ വലിയൊരുനുഭവമാണ്. സിനിമ കാണുന്നതുപോലെ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിന്റെ സ്ക്രീനിൽ തെളിയും. പുത്തഞ്ചേരി ഗ്രാമത്തിൽ ഗിരീഷേട്ടൻ ചെറുപ്പത്തിൽ കണ്ട കാര്യങ്ങളും ആളുകളും ഒക്കെയാണ് കഥയിൽ വരുന്നത്. 

പഠിച്ച സ്കൂളിലെ പാട്ടു മത്സരത്തിൽ എപ്പോഴും ഒന്നാം സമ്മാനം കിട്ടിയിരുന്നു ഗിരീഷേട്ടന്. ഒരു തവണ രണ്ടാം സമ്മാനമായിപ്പോയി. കാരണമാണ് രസകരം. 'കൈതപ്പൂ വിശറിയുമായ് ' എന്ന പാട്ട് പാടിയ പയ്യനാണ് ഫസ്റ്റ്. അവൻ പാടിയത് ഗിരീഷേട്ടൻ പാടി കേൾപ്പിക്കും. ഓരോ വരി കഴിയുംതോറും സ്പീഡ് കുറഞ്ഞു കുറഞ്ഞ് ഈണം ഇഴഞ്ഞ് മന്ദ്രസ്ഥായിയിൽ അവസാനിക്കും. ഇതെന്താണിങ്ങനെ?  "സ്കൂളിന്റെ തൊട്ടടുത്ത് ഒരു ചായക്കട ഉണ്ടായിരുന്നു. അവിടുത്തെ ഗ്രാമഫോണിന്റെ ബെൽറ്റ് വലിഞ്ഞ്, പാട്ട് കേട്ടിരുന്നത് ഇങ്ങനെയാണ്. അതുകേട്ടാണ് പയ്യൻ പാട്ട് പഠിച്ചത്." അതിനെങ്ങനെ ഒന്നാം സമ്മാനം കിട്ടി? അതിനുമുണ്ട് ഉത്തരം - "മത്സരത്തിനു മാർക്കിട്ടത് സ്കൂളിലെ ഒരധ്യാപകനായിരുന്നു. സാർ ആ കടയിൽ നിന്നാണ് എന്നും ചായ കുടിച്ചിരുന്നത്. അവിടെ നിന്നു പാട്ടു കേട്ട് കേട്ട് ഒറിജിനൽ അങ്ങനെയാണെന്നാണ് സാറിന്റെ വിചാരം". ഇത്തരം കഥകൾ  പാടി അവതരിപ്പിച്ച് ഗിരീഷേട്ടൻ നമ്മളെ ചിരിപ്പിച്ചു വശം കെടുത്തും. 

ഗിരീഷേട്ടന്റെ കൂടെ രണ്ടു തവണ കോഴിക്കോട് നടക്കാവിലെ വീട്ടിൽ പോയിട്ടുണ്ട്. വലിയ സൽക്കാരപ്രിയനായിരുന്നു അദ്ദേഹം. ഗാനമേളകൾക്കോ മറ്റു പരിപാടികൾക്കോ കോഴിക്കോട് നഗരത്തിൽ ചെല്ലുമ്പോൾ, വിളിച്ചില്ലെങ്കിൽ പിന്നീടു കാണുമ്പോൾ പരിഭവിക്കും. ''നീയെന്താ കഴിഞ്ഞ ദിവസം കോഴിക്കോട്ട് വന്നിട്ട് വിളിക്കാത്തത്? വിളിച്ചിരുന്നെങ്കിൽ ബീനേച്ചി ഉണ്ടാക്കുന്ന പൂർണ്ണചന്ദ്രനെപ്പോലുള്ള പാലപ്പവും ന്ലാവു പോലുള്ള ഇസ്റ്റൂവും കൂട്ടി നിനക്ക് പ്രാതൽ കഴിക്കാമായിരുന്നല്ലോ" എന്ന് കവിഭാവനയിൽ പറയും.  

ഗിരീഷേട്ടന്റെ മനസ്സ് കഥകളുടെ ഒരു ഭണ്ഡാരം ആയിരുന്നു. അദ്ദേഹം എഴുതിയ മേലേപറമ്പിൽ ആൺവീടും വടക്കുംനാഥനും പോലെ സൂപ്പർ ഹിറ്റ് സിനിമകൾക്കു വിഷയമാകാവുന്ന കഥകൾ. അദ്ദേഹം എഴുതി പൂർത്തിയാക്കിയ രണ്ട് തിരക്കഥകളാണ് കല്ലോലം പോലെ, രാമൻ പോലീസ് എന്നിവ. രണ്ടും വെള്ളിത്തിരയിൽ നിറഞ്ഞോടുന്നതു കാണാൻ ഗിരീഷേട്ടൻ കാത്തുനിന്നില്ല.

ഗിരീഷേട്ടനും ഞാനും ഒരുപാട് തമാശകൾ പങ്കുവച്ചിരുന്നു. പല സമയങ്ങളിലും ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടി നിലത്തുവീണുരുണ്ടിട്ടുണ്ട്. ഞാൻ പലരുടെയും ശബ്ദവും മാനറിസങ്ങളും അനുകരിക്കുന്നത് ഗിരീഷേട്ടന് ഇഷ്ടമായിരുന്നു. പാട്ടുകാരെയും സംഗീതസംവിധായകരും അനുകരിക്കുന്നതു കണ്ട് വീണ്ടും വീണ്ടും ചെയ്യാൻ നിർബന്ധിക്കും. അതുകണ്ട് പൊട്ടിച്ചിരിക്കും. ഒരു ദിവസം പെട്ടെന്ന് ഒരു പ്രഖ്യാപനം! "നമ്മുടെ അടുത്ത സിനിമ ഞാൻ തിരക്കഥയെഴുതുന്ന 'രാമൻ പോലീസ്' ആണ്. മോഹൻലാൽ ആയിരിക്കും നായകൻ. നമുക്ക് മിഠായി പോലുള്ള മൂന്നു പാട്ടുകൾ ഉണ്ടാക്കണം. പക്ഷേ ഇവനെ ഇതിൽ പാടിക്കണ്ട.  ഇവൻ ഇതിൽ അഭിനയിക്കും" ഞാൻ ഞെട്ടി. ഗിരീഷേട്ടൻ വെറും വാക്ക് പറഞ്ഞതല്ല. ആ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ  അഭിനയിക്കണം എന്ന് പിന്നീടും പല തവണ എന്നോടു പറഞ്ഞിട്ടുണ്ട്.  

മറ്റൊരു ഗിരീഷ് കഥയിലെ കഥാപാത്രങ്ങൾ ആണ് ആണ്ടിയും ചേക്കുവും. പുത്തഞ്ചേരി ഗ്രാമത്തിൽനിന്ന്  മരം വെട്ടാൻ അയൽ ഗ്രാമങ്ങളിലെ കാടുകളിലേക്കു പോകുന്ന ആണ്ടിയുടെയും ചേക്കുവിന്റെയും വാങ്മയചിത്രം ഗിരീഷേട്ടൻ വരയ്ക്കും. ആണ്ടി ആജാനബാഹുവായ മരംവെട്ടുകാരനും ചേക്കു കുള്ളനായ സഹായിയും ആയിരുന്നു. മരം വെട്ടുന്നതിനുള്ള കോടാലി ആണ്ടിയുടെ ചുമലിൽ തൂക്കിയിട്ടുണ്ടാവും. തടി മുറിക്കുന്നതിനുള്ള വാളും ആവശ്യത്തിനുള്ള കയറും ചേക്കുവിന്റെ കയ്യിൽ. രണ്ടുപേരും അതിരാവിലെ കവലയിലുള്ള ചായക്കടയിൽ എത്തും. പതിവു ചായകുടി കഴിഞ്ഞാണ് യാത്ര. ചായക്കടയുടെ മുന്നിൽ നാരായണേട്ടൻ അന്നത്തെ പത്രവും വായിച്ചിരിപ്പുണ്ടാവും. എന്താ നിങ്ങൾക്ക് ജോലി എന്നു ചോദിച്ചാൽ ഉത്തരം ആണ് വിചിത്രം! "ഞാൻ കോൺഗ്രസ്സാ." ഇതു പറയുമ്പോൾ നമ്മളെക്കാളുച്ചത്തിൽ ഗിരീഷേട്ടൻ ചിരിയ്ക്കും. ആണ്ടി നെഞ്ചുവിരിച്ചു നടക്കും. പിന്നാലെ അല്പം കൂനോടെ ചേക്കു. രണ്ടുപേരും കൂടി  നടന്നു നീങ്ങുന്ന ചിത്രം ഗിരീഷേട്ടൻ വർണിച്ചത് മനസ്സിൽ നിന്നു മായുന്നില്ല. വൈകുന്നേരത്തെ മടങ്ങിവരവിൽ ഇരുവരും കവലയിലെത്തി ഹാജർ വച്ചിട്ടേ വീടുകളിലേക്കു പോകൂ. ആണ്ടി ഒരല്പം മദ്യലഹരിയിലാവും. ചേക്കുവിന് നിറവ്യത്യാസം ഉണ്ടാവും. പച്ചമരം മുറിക്കുന്ന പൊടി വീണുവീണ് മഞ്ഞനിറമുള്ള ചേക്കു!

ഗിരീഷേട്ടന്റെ വിയോഗ ദിവസമാണ് ഞാനാദ്യമായി പുത്തഞ്ചേരി ഗ്രാമത്തിൽ പോകുന്നത്. പുത്തഞ്ചേരി എന്ന നാടിനെ മലയാളമനസ്സുകളിൽ പ്രതിഷ്ഠിച്ച കാവ്യസൂര്യന്റെ കിരീടം വീണുടഞ്ഞ ദിവസം. തലേദിവസം കോഴിക്കോട് മിംസ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിന്റെ ജാലകച്ചില്ലിലൂടെ മൃതപ്രായനായ ഗിരീഷേട്ടനെ കണ്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാൻ ആഗ്രഹിച്ച നിഷ്കളങ്കരായ ഗ്രാമവാസികൾ  അവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. അവരുടെ ഇടയിൽ മരവിച്ച മനസ്സുമായി ഞാനും അദ്ദേഹത്തിന്റെ ഭൗതികശരീരം നോക്കിനിന്നു.

"ആർദ്രമാം ചന്ദനത്തടിയിലെരിഞ്ഞൊരെന്നച്ഛന്റെ ഓർമ്മയെ സ്നേഹിക്കുന്നു'' എന്നെഴുതിയ തൂലിക നിശബ്ദമായിരിയ്ക്കുന്നു.

ഒരു വിദേശപരിപാടി കഴിഞ്ഞെത്തിയപ്പോൾ, ഭംഗിയുള്ള ഒരു പേന സമ്മാനിച്ച എന്നോടു പറഞ്ഞ വാക്കുകൾ ഓർത്തു. "താങ്ക്സെടാ മുത്തേ. എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സമ്മാനമാണ് പേനകൾ. എന്നെ മാവൂർ റോട്ടിലേക്ക് (മാവൂർ റോഡിനടുത്തുള്ള ശ്മശാനത്തിലേയ്ക്ക് എന്ന അർത്ഥത്തിൽ) എടുക്കുമ്പോൾ,എന്റെ നെഞ്ചത്ത് എന്റെ പ്രിയപ്പെട്ട പേനകൾ എല്ലാം നിരത്തി വയ്ക്കണം". അങ്ങനെയൊന്നും പറയല്ലേ ഗിരീഷേട്ടാ എന്നു വിലക്കി. ഇന്നിതാ, ആ ദിവസം വന്നെത്തിയിരിയ്ക്കുന്നു. എന്റെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ ആണ്ടിയെയും ചേക്കുവിനെയും നാരായണേട്ടനെയും തിരയുകയായിരുന്നു. അവിടെ കണ്ട പലർക്കും ഗിരീഷേട്ടൻ ചേട്ടൻ പറഞ്ഞ അസംഖ്യം കഥകളിലെ കഥാപാത്രങ്ങളുടെ മുഖഛായ. 

വേർപിരിഞ്ഞ് പതിനൊന്നു വർഷങ്ങൾക്കിപ്പുറവും മരണമില്ലാത്ത പാട്ടുകളിലൂടെ ഗിരീഷേട്ടൻ ജീവിക്കുന്നു.

"പുലരാൻ തുടങ്ങുമൊരു രാത്രിയിൽ...

തനിയെ കിടന്നു മിഴിവാർക്കവേ...

ഒരു നേർത്ത തെന്നലലിവോടെ വന്നു - 

നെറുകിൽ തലോടി മാഞ്ഞുവോ...

നെറുകിൽ തലോടി മാഞ്ഞുവോ...!"