തമ്മിൽ കാണാനായില്ലെങ്കിലും മനസ്സുകൾ പരസ്പരം ചേർത്തു വച്ചായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും ഭർത്താവും ഗായകനുമായ നിക് ജൊനാസിന്റെയും ഇത്തവണത്തെ പ്രണയദിനാഘോഷം. പുതിയ പ്രൊജക്ടുകളുമായി ബന്ധപ്പെട്ടു തിരക്കിലായതിനാൽ പ്രിയങ്കയും നിക്കും രണ്ടിടങ്ങളിലാണിപ്പോൾ. എങ്കിലും പരസ്പരം സർപ്രൈസുകൾ നൽകി താരദമ്പതികൾ പ്രണയദിനം ഗംഭീരമാക്കി. 

നൂറുകണക്കിനു റോസാപ്പൂക്കൾ സമ്മാനമായി കൊടുത്താണ് നിക് പ്രിയപ്പെട്ടവൾക്കു പ്രണയദിനാശംസകൾ നേർന്നത്. നിക് സമ്മാനിച്ച പൂക്കൾക്കരികിൽ ആശ്ചര്യത്തോടെയിരിക്കുന്ന പ്രിയങ്കയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. താരം തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കുറച്ചു കാലം മുൻപ് പ്രിയങ്കയ്ക്കൊപ്പം കുതിരസവാരിക്കിടയിലെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നിക്കിന്റെ ആശംസ. 

‘നീ എവിടെ പോയാലും അവിടെയെല്ലാം ഞാനും ഒപ്പമുണ്ട്. കാരണം, നമ്മൾ എപ്പോഴും ഒരുമിച്ചാണല്ലോ. എല്ലാ ദിവസവും എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കുന്നതിനു നന്ദി’, എന്നാണ് നിക്കിന്റെ സ്നേഹാതുരമായ കുറിപ്പ്. പോസ്റ്റിനു പിന്നാലെ നിക്കിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് എന്ന് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രിയങ്ക ലണ്ടനിൽ ആണിപ്പോൾ. നിക് യുഎസിലും. പരസ്പരം പിരിഞ്ഞിരിക്കുമ്പോഴുള്ള ഇരുവരുടെയും വികാരനിർഭരമായ കുറിപ്പുകൾ സമൂഹമാധ്യമ ലോകത്ത് വലിയ രീതിയിൽ പ്രചരിക്കാറുണ്ട്. ഇരുവരും ഒരുമിച്ചതിനു ശേഷമുള്ള മൂന്നാമത്തെ വാലന്റൈൻസ് ഡേ ആയിരുന്നു ഇത്.