വിക്കിനെ അതിജീവിച്ച് ആദ്യ പ്രസംഗം; വയറിങ് ചെയ്ത ഹോട്ടലിൽ ഇരുന്ന് പിന്നീട് പാട്ടെഴുത്ത്: ജീവിതം പറഞ്ഞ് രാജീവ് ആലുങ്കൽ
ഐടിഐ പഠനം കഴിഞ്ഞ് കൊച്ചിയിലെ വമ്പൻ നിർമാണങ്ങളിൽ ഇലക്ട്രിക്കൽ ജോലി ചെയ്തിട്ടുണ്ട് രാജീവ് ആലുങ്കൽ. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കേബിൾ വലിച്ചു. ഹോട്ടൽ അബാദ് പ്ലാസയിലും മെർമെയ്ഡിലുമൊക്കെ വിളക്കു തെളിച്ചു. പാട്ടെഴുത്തുകാരനായ ശേഷം അബാദ് പ്ലാസയിലെ മുറിയിൽ താനിട്ട ബൾബിന്റെ വെട്ടത്തിരുന്ന് രാജീവ് ‘വെട്ടം’ എന്ന സിനിമയ്ക്കു പാട്ടെഴുതുകയും ചെയ്തു
ജീവിതത്തിലെ പല അനുഭവങ്ങളിലൊന്നാണ് ആ വെട്ടത്തിന്റെ കഥ. ചിലത് ദുഃഖം പുരണ്ടതാണ്, ചിലത് അപകർഷത്തിൽ മുഖം കുനിഞ്ഞ് വെട്ടിവിയർത്തത്. എല്ലാം താണ്ടിയ പാട്ടുജീവിതത്തിന്റെ 30–ാം വർഷത്തിലാണ് രാജീവ്. 17 വയസ്സിൽ ആദ്യ നാടകഗാനം, സമഗ്ര സംഭാവനയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചത് 38–ാം വയസ്സിൽ. 250 നാടകങ്ങളിലായി ആയിരത്തോളം പാട്ടുകൾ, 130 സിനിമകൾക്കായി നാനൂറോളം, 260 ആൽബങ്ങളിലായി 2500ൽ ഏറെ. കണക്കെടുത്താൽ നാലായിരത്തോളം വരും രാജീവിന്റെ പാട്ടുകൾ. കണ്ണു നനയിക്കുന്ന ഓർമകളുമുണ്ട് ജീവിതത്തിലെ യാദൃച്ഛികതകളുടെ കൂട്ടത്തിൽ. കൗമാരത്തിലെ പാട്ടെഴുത്തിന്റെ നാളുകളിൽ തന്നെയുണ്ടായി അക്കൂട്ടത്തിലെ ആദ്യ അനുഭവം.
‘‘എന്റെ കുടുംബത്തിൽ പാരമ്പര്യമായി വിക്കുണ്ട്. ഞാനും വിക്കനായിരുന്നു. സ്കൂളിലെ കൂട്ടുകാരോടു പോലും സംസാരിക്കാൻ കഴിയാത്ത അവസ്ഥ. ഞാൻ പാട്ടെഴുതിയ നാടകത്തിന്റെ ഉദ്ഘാടന വേദിയിൽവച്ച് ആ പ്രയാസം എന്നെ വിട്ടുപോയതാണ് അനുഭവം’’ – രാജീവ് പറയുന്നു.
സംഭവം ഇങ്ങനെയാണ്. രാജൻ പി.ദേവിന്റെ സമിതിയുടെ ‘ആലയം സ്നേഹാലയം’ എന്ന നാടകത്തിനു പാട്ടെഴുതി. നാടകത്തിന്റെ ഉദ്ഘാടന വേദിയിൽ രണ്ടു വാക്കു പറയാൻ കൗമാരക്കാരനായ രാജീവിനെ രാജൻ പി.ദേവ് ക്ഷണിച്ചു. മൈക്കിനു മുന്നിൽ വിക്കിന്റെ തടവിൽ രാജീവ് നിന്നു. മുന്നിലെ സദസ്സിൽ അച്ഛനുണ്ട്. അച്ഛനും വിക്കുണ്ട്. മൈക്കിനു മുന്നിൽ മകൻ പരാജയപ്പെടുമെന്ന ഭീതിയിൽ അച്ഛൻ വിയർക്കുന്നതും അസ്വസ്ഥനാകുന്നതും രാജീവ് കണ്ടു. അന്നു പക്ഷേ, രാജീവ് സംഭരിച്ച ധൈര്യത്തിനു മുന്നിൽ വിക്കിനു ശ്വാസംമുട്ടി. രാജീവ് തടസ്സമില്ലാതെ പ്രസംഗിച്ചിറങ്ങി. ‘‘പിന്നെയിങ്ങോട്ടു വിക്കില്ലാത്ത ജീവിതമായിരുന്നു എനിക്ക്’’ – രാജീവിന്റെ സ്ഫുടമായ വാക്കുകൾ.
കുട്ടിയായിരിക്കുമ്പോഴേ അമ്മയെയും അനുജനെയും നഷ്ടമായതാണ് രാജീവിന്. അച്ഛനും രാജീവിനും ഒറ്റപ്പെടലിന്റെ ജീവിതമായിരുന്നു. അനുജന് ഒൻപതാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. ജോലി തേടി മുംബൈയിലൊക്കെ ഏറെ അലഞ്ഞു തിരിച്ചെത്തി. പിന്നെയാണു പത്താം ക്ലാസിൽ ചേർന്നത്. പരീക്ഷ ജയിച്ച ഫലം വരുന്നതിനു മുൻപേ അവൻ മരിച്ചു. പിന്നീടൊരിക്കൽ ഗുരുപ്രിയ പുരസ്കാരം സ്വീകരിക്കാൻ രാജീവ് മുംബൈയിൽ പോയി. അനുജൻ അലഞ്ഞ നാടുകൾ കണ്ടു. ‘‘അവനെ സ്വീകരിക്കാത്ത നാട്ടിലാണു താൻ സ്വീകരണം വാങ്ങുന്നത് എന്നതൊരു വിചിത്ര ഭാഗ്യമായി തോന്നി.’’
വിക്കു മാറിയതിൽപിന്നെ രാജീവ് ഒരുപാടു പ്രസംഗിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ഉൾപ്പെടെ. അതിനായി ധാരാളം വായിച്ചു. നാട്ടറിവുകൾ തേടിപ്പിടിച്ചു. അങ്ങനെ കിട്ടിയ ചില വിവരങ്ങൾ പാട്ടെഴുത്തിൽ സമർഥമായി ഉപയോഗിച്ചിട്ടുമുണ്ട്.
‘‘കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയിൽ ആലപ്പുഴയെ വർണിക്കുന്ന പാട്ടു വേണമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചിത്രീകരണം കഴിഞ്ഞിരുന്നു. ദൃശ്യങ്ങൾ കണ്ടു വേണം എഴുതാൻ. അന്നെഴുതിയ ‘താമരപ്പൂംതേൻ കുറുമ്പ് മേരിക്കൊരാൺ കുരുന്ന്’ എന്നു തുടങ്ങുന്ന പാട്ടിൽ ആലപ്പുഴ വളവിൽ എന്നൊരു പ്രയോഗമുണ്ട്. 40 വർഷം മുൻപു നാട്ടിൽ പറഞ്ഞിരുന്ന കാര്യമാണത്. അരൂരിൽനിന്ന് ആലപ്പുഴ വരെ വരുമ്പോൾ ഒറ്റ വളവേയുള്ളൂ – ആലപ്പുഴയിലെ ശവക്കോട്ടപ്പാലം.’’
‘‘ആ പാട്ടിലെ മറ്റൊരു വരി ഇങ്ങനെയാണ്: കൈനകരിക്കോണിൽ കൊടിപാറും കാലം, തുടികൊട്ടും കുട്ടനാട്. ആലപ്പുഴയിലെ ആദ്യ കർഷക സമരത്തിന്റെ കൊടി പാറിയത് കൈനകരിയിലാണ്.’’ എഴുത്തിൽനിന്ന് അനുഗ്രഹങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നാണു രാജീവ് പറയുന്നത്. ജീവിതത്തിൽ മറ്റു പലതും സങ്കടങ്ങളാണ്. മഹാൻമാരുടെ സംഗീതത്തിൽ തന്റെ വരികൾ അലിഞ്ഞിട്ടുണ്ടല്ലോ എന്ന വിസ്മയം അഭിമാനത്തിന്റെ പതക്കമായി സൂക്ഷിക്കുന്നു.
നാടകത്തിൽ ഒട്ടേറെ പ്രമുഖർ ജീവിച്ചിരുന്നപ്പോഴാണു രാജീവ് രംഗത്തെത്തിയത്. എം.കെ.അർജുനൻ, കുമരകം രാജപ്പൻ, ഫ്രാൻസിസ് വലപ്പാട്, വൈപ്പിൻ സുരേന്ദ്രൻ, കലവൂർ ബാലൻ തുടങ്ങിയവർ. ജീവിച്ചിരിക്കുന്നവരിൽ ആലപ്പി വിവേകാനന്ദനും ആലപ്പി ഋഷികേശും മറ്റുമുണ്ട്. മുൻപ് ഉത്സവപ്പറമ്പുകളിൽ കേട്ടു വളർന്ന പേരുകളാണ്. അവർക്കായി താൻ എഴുതി എന്ന അദ്ഭുതം രാജീവിന് ഇന്നുമുണ്ട്.
വി.ദക്ഷിണാമൂർത്തി സംഗീതം ചെയ്ത ‘ശിവം’ എന്ന ഭക്തിഗാന ആൽബം, ജയവിജയ ജയന്റെ ഒട്ടേറെ പാട്ടുകൾ, എം.ജി.രാധാകൃഷ്ണൻ, രവീന്ദ്രൻ, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, ടി.എസ്.രാധാകൃഷ്ണൻ തുടങ്ങി മഹാപ്രതിഭകളുടെ ഈണത്തിൽ ചേർന്നിട്ടുണ്ട് രാജീവിന്റെ വരികൾ.
എ.ആർ.റഹ്മാൻ, ടൈറ്റാനിക് സിനിമയ്ക്കു പശ്ചാത്തല സംഗീതം നൽകിയ ജോൺ ആൾട്ട്മാൻ എന്നിവർ ചിട്ടപ്പെടുത്തിയതോടെ രാജീവിന്റെ വരികൾ മറുനാടൻ സംഗീതത്തിലേക്കും പകർന്നു കയറി. താജ്മഹലിന്റെ പ്രൗഢി ലോകത്തെ അറിയിക്കാൻ എ.ആർ.റഹ്മാൻ 4 ഭാഷകളിലായി 4 പാട്ടുകൾ ചിട്ടപ്പെടുത്തിയപ്പോൾ മലയാളം വരികളെഴുതിയത് രാജീവാണ്. ‘ഋതുസുന്ദരികൾ വഴിമാറും കാലം പുതുപുതു ഗതി തേടും എന്നു തുടങ്ങുന്ന വരികൾ. ഹിന്ദിയും ബംഗ്ലയും തമിഴുമായിരുന്നു മറ്റു ഭാഷകൾ. കെ.പി.കുമാരന്റെ ആകാശഗോപുരം എന്ന സിനിമയിലാണ് ജോൺ ആൾട്ട്മാൻ രാജീവിന്റെ വരികൾ ചിട്ടപ്പെടുത്തിയത്. പ്രണയമൊരു മുന്തിരി വീഞ്ഞുപോലെ എന്നു തുടങ്ങുന്നു പാട്ട്.
∙ ആദ്യ അമച്വർ നാടകഗാനം – മണ്ണിൽ പിറന്ന് വെണ്ണീറാകുവോളം (നാടകം: ആരോ ഒരാൾ)
∙ ആദ്യ പ്രഫഷനൽ നാടകഗാനം – സ്നേഹസരോവര തീരത്തു നിൽക്കും ശ്രീകോവിലീ കുടുംബം (മാന്ത്രികക്കരടി)
∙ ആദ്യ ആൽബം – അത്തം (ജോണി സാഗരിക)
∙ ആദ്യ സിനിമ – ഹരിഹരൻപിള്ള ഹാപ്പിയാണ്
∙ ഒടുവിൽ പാട്ടെഴുതിയ സിനിമ – മരട് 357