നാട്ടഴക് വരച്ചിട്ട് ‘മാവുകൾ പൂക്കും മകരം’; ശ്രദ്ധേയമായി ഗാനം
സ്വിസ്സ് മലയാളി മ്യൂസിക്കിന്റെ ബാനറിൽ പുറത്തിറക്കിയ ‘മാവുകൾ പൂക്കും മകരം’ എന്ന സംഗീത ആൽബം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചകൾ കൊണ്ടു സമ്പന്നമായ പാട്ട് മികച്ച ആസ്വാദന അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രാമീണത്തനിമ നിറയുന്ന പാട്ടുകളിലൂടെ ശ്രദ്ധേയനായ ബാബു പുല്ലേലി ആണ് പാട്ടിനു സംഗീതം പകർന്നത്. ബേബി കാക്കശ്ശേരി വരികൾ കുറിച്ചു. അനുഗ്രഹ റാഫിയാണ് പാട്ടിന്റെ പിന്നണിയിൽ സ്വരമായത്. മലയാളത്തിനു പുറമേ ഹിന്ദി, മറാത്തി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഈ യുവഗായിക.
കുര്യാക്കോസ് വർഗീസ് ആണ് ‘മാവുകൾ പൂക്കും മകരം’ എന്ന ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. സേവ്യർ സിത്താറിയും ആൽവിൻ കുര്യാക്കോസ് വയലിനിലും ഈണമൊരുക്കി. നാട്ടഴകു വരച്ചിട്ടൊരുക്കിയ പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത് അനുപ് രാജു ആണ്. ആൽവിൻ കുര്യാക്കോസ് എഡിറ്റിങ് നിർവഹിച്ചു. ഇതിനോടകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.