നിത്യഹരിത ഗാനത്തിനു കവർ പതിപ്പൊരുക്കി ഗായിക സരിത റാം. പതിറ്റാണ്ടുകൾക്കു മുൻപ് മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ (എസ്.ജാനകി) പാടി അനശ്വരമാക്കിയ ‘നാഥാ നീ വരും കാലോച്ച കേൾക്കുവാൻ...’ എന്ന ഗാനത്തിനാണ് സരിതയുടെ കവർ. മികച്ച ആസ്വാദനാനുഭവം പകരുന്ന പാട്ട് ഇതിനോടകം നിരവധി പ്രേക്ഷകരെ നേടി. 

‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ

കാതോർത്തു ഞാനിരുന്നു 

താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ

തൂവൽ വിരിച്ചു നിന്നൂ....’

സരിതയുടെ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സുന്ദരവും ലളിതവും ആയാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നും ആദ്യ കേൾവിയിൽ തന്നെ ഗായികയുടെ സ്വരഭംഗി മനസ്സിൽ പതിയുന്നു എന്നുമാണ് ആസ്വാദകപക്ഷം. പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത് ശരത് ചന്ദ്രൻ ആണ്. എൻ.അയ്യപ്പൻ ചിത്രീകരിച്ച ദൃശ്യങ്ങൾ രതീഷ് എഡിറ്റ് ചെയ്തു.  

1980ൽ പുറത്തിറങ്ങിയ ‘ചാമരം’ എന്ന ഭരതൻ ചിത്രത്തിലേതാണ് ഈ ഗാനം. എം.ജി.രാധാകൃഷ്ണൻ സംഗീതം പകർന്ന പാട്ടിനു വരികൾ കുറിച്ചത് പൂവച്ചൽ ഖാദർ ആയിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്. യുവഗായകരുൾപ്പെടെ നിരവധി പേർ ഈ ഹിറ്റ് ഗാനത്തിനു കവർ ഒരുക്കിയിട്ടുണ്ട്.