വിഖ്യാത സംഗീതജ്ഞൻ രമേഷ് നാരായണന്റെ സ്വരഭംഗിയിൽ ഒരു പ്രണയഗാനം കൂടി ആസ്വാദകര്‍ക്കരികിൽ. ‘നീ പോയതിൽ പിന്നെ’ എന്നു തുടങ്ങുന്ന ഗാനം യുവതാരം ടൊവിനോ തോമസ് ആണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. ജോസ് മാനുവൽ മോത്തയാണ് പാട്ടിനു വരികൾ കുറിച്ചത്. കെ.എസ് മധുകുമാർ സംഗീതം പകർന്നു. പ്രണയദിനത്തോടനുബന്ധിച്ചാണ് പാട്ട് പുറത്തിറക്കിയത്. 

അതിസുന്ദരമായ സംഗീതത്തിനൊപ്പം മികച്ച ദൃശ്യവിരുന്നു കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിയത്. കേരളത്തിലും അമേരിക്കയിലുമായാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. മധുരിതമായ പ്രണയത്തിന്റെ ഓർമ്മകൾ പേറുന്ന കടൽത്തീരത്തേക്കു പാട്ടും പാട്ടുകാരനും ഗാനാസ്വാദകരെ കൂട്ടിക്കൊണ്ടു പോകുന്നു. പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ നൊമ്പരവും പാട്ടിൽ തെളിയുന്നു. അനിൽ സാമിയും രചിത രാമദാസും ആണ് പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. 

ഇതിനോടകം ഏറെ ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പിന്നണി പ്രവർത്തകരെ പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തിയത്. ‘പറയാൻ മറന്ന പരിഭവങ്ങളി’ ലൂടെ മലയാളി മനസ്സുകളിൽ ചേക്കേറിയ രമേഷ് നാരായണന്റെ പാട്ട് കാതോര്‍ത്തു കേട്ടിരിക്കുകയാണ് ആരാധകർ.