മോഹൻലാലിനെ നേരിൽ കാണാനെത്തി പിയാനിസ്റ്റും സംഗീതസംവിധായകനുമായ കൗമാരക്കാരൻ ലിഡിയൻ നാദസ്വരം. ‌‌‌‌‌താരത്തിനൊപ്പമുള്ള ചിത്രങ്ങൾ ലിഡിയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മോഹൻലാലിനെ ടാഗ് ചെയ്തുകൊണ്ടാണ് ലിഡിയന്റെ പോസ്റ്റ്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത് ലിഡിയൻ ആണ്. ചിത്രത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇക്കാര‌്യം ലിഡിയൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും ലിഡിയൻ നേരിൽ കണ്ടു. എല്ലാവർക്കുമൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

ലിഡിയനൊപ്പം സഹോദരിയും ഗായികയുമായ അമൃത വർഷിണിയും ഉണ്ടായിരുന്നു. ലിഡിയന്റെ യൂട്യൂബ് വിഡിയോകളിലൂടെ ഏറെ സുപരിചിതയായ താരമാണ് അമൃത. ഇരുവരും മോഹൻലാലിനൊപ്പം ചേർന്നു നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമലോകത്തു തരംഗമായിക്കഴി‍ഞ്ഞു. ‘ഒരു വർഷത്തിനു ശേഷം വീണ്ടും ഈ മഹാ വ്യക്തിത്വത്തെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം’ എന്നു കുറിച്ചാണ് ലിഡിയന്‍ ചിത്രങ്ങൾ പങ്കുവച്ചത്. ഇതിനു മുൻപ് ലിഡിയനു പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. 

സംഗീതസംവിധാനരംഗത്തേയ്ക്കുള്ള ലിഡിയന്റെ അരങ്ങേറ്റ ചിത്രമാണ് ബറോസ്. മാർച്ച് അവസാന വാരം ഗോവയിലാണ് ബറോസിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കൊച്ചിയിലാകും പിന്നീടുള്ള ചിത്രീകരണം. 3 മാസത്തോളം ലാൽ ഇതിനൊപ്പമാകും ഉണ്ടാകുക. ബറോസിനു മുമ്പ് ഇനി അദ്ദേഹം സിനിമകളിൽ അഭിനയിക്കില്ലെന്നാണ് സൂചന.