Veetraag Gopi is one of my favourite upcoming artists who is also inspired by me. You can probably see it in his singing as well. Neelimayanente Pranayam is a new track he recently came up with and I would just like to say that I absolutely love his composition, singing and musicality. Wish you all the luck Veetraag, keep it up. 

ഗസൽ രാജാവ് ഹരിഹരൻ ഒരു കോഴിക്കോടൻ പാട്ടുകാരന്റെ പുതിയ പാട്ട് ഷെയർ ചെയ്ത് ഫെയ്സ് ബുക്കിൽ കുറിച്ച ഈ വരികളും ഹിറ്റാവുകയാണ്. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘നീലിമയാണെന്റെ പ്രണയം’ എന്ന പാട്ട് സംഗീതസ്നേഹികൾ ഏറ്റെടുത്തു കഴിഞ്ഞു.‘ഉയർന്നു വരുന്ന പാട്ടുകാരിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരിലൊരാൾ’ എന്നു സാക്ഷാൽ ഹരിഹരൻ വിശേഷിപ്പിച്ച ഗായകൻ കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം കാക്കഞ്ചേരിയിലെ വീട്ടിലിരിപ്പുണ്ട്. 

‘നന്ദി ഹരി ജീ. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. എത്രയോ വർഷങ്ങളായി അങ്ങയുടെ സംഗീതത്തിൽ ജീവിച്ചു കൊണ്ടിരിക്കുന്നൊരാളാണു ഞാൻ’- വീതരാഗ് പറയുന്നു. ഗായകൻ മാത്രമല്ല, കമലിന്റെ മ്യൂസിക്കൽ ഹിറ്റ് ‘ഗദ്ദാമ’ ഉൾപ്പെടെ അര ഡസനോളം മലയാള സിനിമകൾക്കു പാട്ടൊരുക്കിയ സംഗീത സംവിധായകൻ കൂടിയാണ് വീതരാഗ്. സുഹൃത്തും കോഴിക്കോട്ടെ പ്രശസ്ത ഗിറ്റാറിസ്റ്റുമായ ബെന്നറ്റ് റോളണ്ടിനൊപ്പം ‘ബെന്നറ്റ് - വീതരാഗ്’ എന്ന പേരിലായിരുന്നു സംഗീത സംവിധാനം. 2006ൽ വിശ്വനാഥൻ സംവിധാനം ചെയ്ത ‘ഔട്ട് ഓഫ് സിലബസ്’ ആദ്യ ചിത്രം. വിശ്വനാഥന്റെ ജയസൂര്യച്ചിത്രം ‘ഡോക്ടർ പേഷ്യന്റ്’, കെ.ബി.വേണുവിന്റെ ‘ഓഗസ്റ്റ് ക്ലബ്’, ജോർജ് കിത്തുവിന്റെ ‘സൂര്യകിരീടം’ തുടങ്ങിയ ചിത്രങ്ങളിലും പാട്ടുകളുണ്ടാക്കി. ‘ഡോക്ടർ പേഷ്യന്റി’ൽ ഹരിഹരൻ പാടിയ ‘മഴ ഞാനറിഞ്ഞിരുന്നില്ല, നിന്റെ കണ്ണുനീരെന്നുള്ളിലുതിരും വരെ...’ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ‘ഗദ്ദാമ’യിൽ ഹരിഹരനും ശ്രേയ ഘോഷാലും പാടിയ ‘വിധുരമീ യാത്ര’, വിജയ് യേശുദാസും ചിത്രയും പാടിയ ‘നാട്ടുവഴിയോരത്തെ’, കാർത്തിക് പാടിയ ‘അറിയുമോ’, ‘ഔട്ട് ഓഫ് സിലബസി’ലെ "ഈ കൽപ്പടവിൽ ഈ മരത്തണലിൽ’, ‘പോയ് വരുവാൻ കൂടെ വരൂ ഓർമകളേ ഇതിലേ’ തുടങ്ങിയ പാട്ടുകളും ഹിറ്റായിരുന്നു. 

വിദേശത്തുൾപ്പെടെ സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കാറുണ്ടെങ്കിലും സ്വന്തം ഫെയ്സ്ബുക് പേജിലിടുന്ന പാട്ടുകളിലൂടെയാണ് വീതരാഗ് കൂടുതൽ ആസ്വാദകരിലേക്കെത്തിയത്. ബെംഗലുരുവിൽ പ്രമുഖ ഐടി സ്ഥാപനത്തി‍ൽ ഉദ്യോഗസ്ഥനായ വീതരാഗ് ജോലിത്തിരക്കുകൾക്കിടയിൽ വീണു കിട്ടുന്ന ഇത്തിരി ഇടവേളകളിലെ ഏകാന്തതയിൽ ഗിറ്റാർ മീട്ടി സ്വയം മറന്നുപാടുന്ന പാട്ടുകൾക്ക് ആരാധകരേറെ. കോവിഡ് കാലത്തെ വർക് ഫ്രം ഹോം നാളുകളിൽ കോഴിക്കോട്ടെ വീട്ടിലിരുന്നാണ് ‘നീലിമയാണെന്റെ പ്രണയം’ ഒരുക്കിയത്. തൃശൂരിലെ പ്രശസ്ത സാമൂഹിക പ്രവർത്തകയും ‘സൊളേസ്’  ജീവകാരുണ്യപ്രസ്ഥാനത്തിന്റെ സാരഥിയുമായ ഷീബ അമീർ രചിച്ച ‘നീലിമയാണെന്റെ പ്രണയം’, വിരഹത്തിന്റെയും പ്രണയത്തിന്റെയും ആർദ്രത തുളുമ്പുന്ന അനുഭവമാവുകയാണ് വീതരാഗിന്റെ ശബ്ദത്തിൽ. കാലിക്കറ്റ് സർവകലാശാല ഹിന്ദി വിഭാഗം മുൻമേധാവി ഡോ. ഗോപിനാഥിന്റെയും കോഴിക്കോട് ആർട്സ് കോളജ് ഹിന്ദി വിഭാഗം മുൻ മേധാവി ഡോ.കെ.എം. മാലതിയുടെയും മകനാണ്.