അകാലത്തിൽ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ ഓര്‍മകളിൽ ഭാര്യ മായ. വനിത ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മായ പ്രിയപ്പെട്ട ‘അനിച്ചേട്ട’നെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. അവസാന ദിവസം ആംബുലൻസിൽ ആശുപത്രിയിലെത്തുവോളം തന്റെ കയ്യിൽ പിടിച്ചാണ് അദ്ദേഹം കിടന്നതെന്ന് മായ പറയുന്നു. അതൊരു യാത്ര പറച്ചിലായിരുന്നോ എന്നു സ്വയം ചോദിക്കുമ്പോൾ മായയുടെ സ്വരം ഇടറുന്നു. പനച്ചൂരാന്റെ മരണവിവരം മക്കൾ അറിഞ്ഞത് ടിവിയിലൂടെയാണെന്നും മായ ഓർത്തെടുത്തു. മായയുടെ വാക്കുകളിലേയ്ക്ക്. 

‘ഞാൻ മോളെ പ്രസവിച്ചു കിടക്കുന്ന സമയത്ത് എന്റെയടുത്തു വരാനുള്ള ബസ് കാശു പോലുമില്ലായിരുന്നു അനിച്ചേട്ടന്റെ കയ്യിൽ. കവിതകളെഴുതി സ്വയം ഈണമിട്ടു പാടി കസറ്റിലാക്കി വിൽക്കുകയായിരുന്നു അക്കാലത്ത്. കവിയരങ്ങിനു പോയാൽ ചെറിയൊരു തുക കിട്ടും. അതൊക്കെയായിരുന്നു അന്നത്തെ വരുമാന മാർഗങ്ങൾ. കിട്ടുന്ന പൈസ വളരെ സൂക്ഷിച്ചേ ചിലവാക്കുകയുള്ളൂ. പിന്നീടു സിനിമയിലെത്തി. അറബിക്കഥയിലെ ‘ചോര വീണ മണ്ണില്‍...’, ‘തിരികേ ഞാൻ വരുമെന്ന...’ എന്നീ പാട്ടുകളാണ് ഹിറ്റായത്. അന്നു ജോലിയന്വേഷിച്ചു ഗൾഫിൽ പോകാനായി പാസ്പോർട്ട് എടുത്തിരുന്നു. പക്ഷേ, ആദ്യത്തെ അവാർഡ് വാങ്ങാൻ പോകാനായിരുന്നു നിയോഗം. പിന്നീടു സിനിമയിൽ തിരക്കായി

ഇതിനിടയിലായിരുന്നു അനിച്ചേട്ടന്റെ അച്ഛന്റെ മരണം. ഒരു പെങ്ങൾ ഗൾഫിൽ ജോലി ചെയ്യുന്നതു കൊണ്ട് അമ്മ കുഞ്ഞിനെ നോക്കാനായി അവരുടെ വീട്ടിലേക്കു പോയി. ഞാൻ തിരുവനന്തപുരത്തു നിന്നു മകളേയും കൂട്ടി കായംകുളത്തെ വീട്ടിലേക്കു വന്നു. അപ്പോഴേക്കും ഞാൻ സോഷ്യോളജിയിലും സൈക്കോളജിയിലും ബിരുദാനന്തരബിരുദം നേടിയിരുന്നു. നൃത്തപഠനം തുടങ്ങാനും അനിച്ചേട്ടനായിരുന്നു താൽപര്യം. അമ്പലങ്ങളിൽ നൃത്തം അവതരിപ്പിക്കാൻ പോകുമ്പോൾ വേണ്ട ഒരുക്കങ്ങളൊക്കെ ചെയ്യുന്നതും സിഡി മാറ്റിയിട്ടു തരുന്നതുമെല്ലാം അനിച്ചേട്ടനായിരുന്നു

എപ്പോഴും വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്ന ആളായിരുന്നു. അച്ഛനും മക്കളുമായി വളരെ സ്വാതന്ത്ര്യത്തോടെ ഇടപെടലൊന്നുമില്ല. അതെല്ലാം എന്നോടാണ്. എനിക്കിഷ്ടമുള്ള ഭക്ഷണം കിട്ടിയാൽ ആളുടെ പങ്ക് ആരും കാണാതെ എനിക്കു കൊണ്ടുതരും. കഴിഞ്ഞ ക്രിസ്മസിനു കേക്ക് വാങ്ങിയപ്പോൾ പകുതി മുറിച്ച് എല്ലാവരും കഴിച്ച ശേഷം ബാക്കി നാളെ എടുക്കാമെന്നു പറ‍ഞ്ഞു മാറ്റിവച്ചു. ‘അനിച്ചേട്ടൻ അങ്ങനെയല്ലല്ലോ പറയാറ്’ എന്നു ഞാൻ പറഞ്ഞപ്പോൾ ആൾക്കാകെ അമ്പരപ്പ്. ‘നാളെയെന്നതില്ല, നമ്മൾ ഇന്നു തന്നെ തീർക്കണം.’ എന്നല്ലേ കവിതയിൽ എഴുതിയിരിക്കുന്നതെന്ന് േചാദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു

അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിൽ എനിക്കായിരുന്നു സങ്കടം. ‘മരണത്തിനു ശേഷമല്ലേ അവാർഡുകൾ വരുന്നത്, അന്ന് എല്ലാവരും എന്നെക്കുറിച്ചു പറയുന്നതു കേട്ടു നിനക്കു സന്തോഷിക്കാൻ പറ്റും.’ എന്നു ചിരിക്കുമായിരുന്നു. അത് അറംപറ്റിയ വാക്കുകളായി’–മായ പറഞ്ഞു. 

അഭിമുഖത്തിന്റെ പൂർണരൂപം: https://www.vanitha.in/justin/anil-panachooran-final-moments-emotional-memories.html?fbclid=IwAR2S1KUYLMN0vjGByQUIWgIzeJ61GwUFRoOMz8Ad6IPsr8MZhE-xxMjVqIU