പുതിയ സംഗീത ആൽബമായ സ്പേസ്മാനെക്കുറിച്ചു വിവരിച്ച് ഗായകൻ നിക് ജൊനാസ്. തന്റെ പ്രിയപ്പെട്ടവളായ പ്രിയങ്ക ചോപ്രയ്ക്കുള്ള പ്രണയലേഖനങ്ങളുടെ സമാഹാരമാണ് ആൽബം എന്ന് നിക് വെളിപ്പെടുത്തി. ഈ ആൽബം പ്രിയങ്കയെ കൂടുതൽ സന്തോഷിപ്പിക്കുമെന്നും അവളുടെ സന്തോഷം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും നിക് പറഞ്ഞു. 

പ്രിയങ്കയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ആൽബം ഒരുക്കിയതെന്നും സ്പേസ്മാൻ പ്രിയങ്കയ്ക്കായി സമർപ്പിക്കുകയാണെന്നും നിക് ജൊനാസ് അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആൽബത്തിന്റെ മോഷൻ പോസ്റ്റർ പ്രിയങ്ക ചോപ്ര പങ്കുവച്ചിട്ടുമുണ്ട്. എന്നെന്നും നിക്കിനെക്കുറിച്ച് തനിക്ക് അഭിമാനം മാത്രമാണെന്ന് താരം കുറിച്ചു. നിക് ജൊനാസിന്റെ സഹോദരനും ഗായകനുമായ ജോ ജൊനാസും ആശംസകൾ നേര്‍ന്നു രംഗത്തെത്തിയിട്ടുണ്ട്. 

കോവിഡ് വ്യാപനത്തെത്തുടർന്ന് പുറത്തിറങ്ങാനാകാതെ വീട്ടിൽ തന്നെ ഒതുങ്ങേണ്ടി വന്ന കഴിഞ്ഞ വർഷത്തെക്കുറിച്ചാണ് നിക്കിന്റെ പുതിയ ആല്‍ബം. അകലം, സൗഖ്യം, സന്തോഷം, സമര്‍പ്പണം എന്നിങ്ങനെ നാല് വ്യത്യസ്ത ആശയങ്ങളാണ് ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഗീതം എപ്പോഴും മാനവരാശിയെ ഒന്നാകെ ചേർത്തു നിർത്തുകയും എപ്പോഴും എല്ലാവർക്കും ആശ്വാസവും സൗഖ്യവും പകരുകയും ചെയ്യുമെന്നും നിക് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.