ഗാനരചയിതാവ് രാജീവ്‌ ആലുങ്കലിന് കലാസാഗര പുരസ്‌കാരം. കെടാമംഗലം സദാനന്ദൻ കലാ സാംസ്‌കാരിക വേദിയുടെ 2020ലെ കലാ സാഗര പുരസ്‌കാരത്തിനാണ് കവിയും ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കല്‍ അർഹനായത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി സംഗീതരംഗത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്‌കാരം. അടുത്ത മാസം വടക്കൻ പറവൂരിൽ വച്ചു നടക്കുന്ന കെടാമംഗലം സദാനന്ദൻ അനുസ്മരണ ചടങ്ങിൽ വച്ച് 25000 രൂപയും ഫലകവുമടങ്ങുന്ന കലാസാഗര പുരസ്‌കാരം രാജീവ്‌ ആലുങ്കലിന് സമ്മാനിക്കും

250ൽ ഏറെ നാടകങ്ങൾക്കായി ആയിരത്തിൽപ്പരം ഗാനങ്ങളും 260 ഓഡിയോ ആൽബങ്ങൾക്കായി 2600 ഗാനങ്ങളും 130ൽപ്പരം സിനിമകൾക്കായി 400 ഗാനങ്ങളുമായി നാലായിരത്തിലധികം ഗാനങ്ങൾക്ക് രാജീവ്‌ ആലുങ്കൽ വരികൾ കുറിച്ചിട്ടുണ്ട്. ഗാനരചനാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം, മികച്ച നാടകഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം എന്നിവ രാജീവ് ആലുങ്കൽ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് തവണ സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരവും നേടി.