നിറവയറുമായി വർക്കൗട്ട് ചെയ്ത് ബോളിവുഡ് ഗായിക നീതി മോഹൻ. ഗായിക തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നിറവയറോടെ വിവിധ വ്യായാമമുറകൾ അഭ്യസിക്കുകയാണ് നീതി. ഗർഭകാലത്ത് വളരെ ബുദ്ധിമുട്ടേറിയ വ്യായാമമുറകളാണ് അതിൽ പലതും. എങ്കിലും സാവകാശം ഏറെ കരുതലോടെയാണ് ഗായികയുടെ വർ‌ക്കൗട്ട്. പരിശീലകന്റെ കൃത്യമായ മേൽനോട്ടത്തോടെയാണ് നീതി വ്യായാമം ചെയ്യുന്നത്. 

നീതി മോഹന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. പിന്തുണയ്ക്കും പ്രോത്സാഹനങ്ങൾക്കുമൊപ്പം ഗായികയ്ക്കെതിരെ പരോക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ഗർഭകാലത്ത് ഇത്തരം സാഹസികത കാണിക്കരുത് എന്ന അഭിപ്രായക്കാരാണ് പലരും. അതേസമയം നീതിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. നീതിയുടെ സഹോദരിയും നർത്തകിയുമായ ശക്തി മോഹൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിച്ചിട്ടുണ്ട്. ഗായികയുടെ വിഡിയോ ഏറെ പ്രചോദനം നൽകുന്നു എന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ ചർച്ച വ്യാപകമായിക്കഴിഞ്ഞു. 

നടൻ നിഹാർ പാണ്ഡ്യ ആണ് നീതി മോഹന്റെ ഭർത്താവ്. 2019 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. നീതിയും നിഹാറും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമലോകത്ത് പ്രചരിക്കാറുണ്ട്. ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന വിവരം കഴിഞ്ഞ മാസമാണ് ഇരുവരും വെളിപ്പെടുത്തിയത്.