വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണ സന്ദേശം പ്രചരിപ്പിക്കാനായി വ്യത്യസ്തമായൊരു മ്യൂസിക് വിഡിയോയുമായി പ്രശസ്ത നർത്തകി പാരിസ് ലക്ഷ്മി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പാരീസ് ലക്ഷ്മി ‘എല്ലെസ്’ എന്ന ഈ മ്യൂസിക് വിഡിയോ റിലീസ് ചെയ്തത്. സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ട് അരക്ഷിതാവസ്ഥയും സംഘർഷങ്ങളും അനുഭവിക്കുന്ന ഒൻപത് സ്ത്രീകൾ, പിന്നീട് ആത്മവിശ്വാസം നേടി സ്വാതന്ത്ര്യത്തിലേക്കും ജീവിതവിജയത്തിലേക്കും കുതിച്ചുയരുന്നതാണ് ‘എല്ലെസ്’ മ്യൂസിക് വിഡിയോയുടെ ഇതിവൃത്തം.

സ്വന്തം തൊലിയുടെ ഇരുണ്ട നിറം മൂലം വിവേചനം നേരിട്ട് വീടിനുള്ളിൽ ഒതുങ്ങിക്കൂടിയ പെൺകുട്ടി ഫെയർനെസ്സ് ക്രീം ഉപയോഗിക്കുന്നതിലൂടെ സുന്ദരിയാകുമെന്നു സ്വപ്നം കാണുന്നു. എന്നാൽ തൊലിയുടെ നിറത്തിന്റെ പേരിൽ ഒതുങ്ങിക്കൂടേണ്ടവളല്ല താനെന്ന് അവൾ ഒരിക്കൽ മനസ്സിലാക്കുകയും ഫെയർനെസ് ക്രീം വലിച്ചെറിഞ്ഞ് അഭിമാനത്തോടെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. ഗർഭിണിയായ ഒരു സ്ത്രീ യോഗ ചെയ്യാൻ ആഗ്രഹിക്കുകയും എന്നാൽ കുടുംബം അത് എതിർക്കുമ്പോൾ താൻ ആഗ്രഹിക്കുന്നത് ചെയ്യാൻ കരുത്താർജിക്കുകയുമാണവൾ. 

ആദ്യ ആർത്തവത്തോടെ കുട്ടിക്കാലം കൈമോശം വന്ന പെൺകുട്ടി തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് തിരിച്ചറിയുകയും തന്റെ കുട്ടിക്കാല വികൃതികളിലേക്ക് മടങ്ങുകയും ചെയ്യുന്നു. ട്രാൻസ്‌വുമൺ ആയതുകൊണ്ട് സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ എറിയപ്പെട്ട ഒരുവൾ ഒടുവിൽ സ്വന്തം മേക്കപ്പ് സ്റ്റുഡിയോ തുറന്ന് ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് നിരന്തര പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുകയാണ്. ഇങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ട ഒരുപറ്റം സ്ത്രീകളുടെ കഥയുമായാണ് പാരീസ് ലക്ഷ്മി മ്യൂസിക് വിഡിയോ ഒരുക്കിയത്. 

എല്ലെസ്, ദി ഫെമിനിൻ എനർജി എന്ന് ടൈറ്റിൽ ചെയ്തിരിക്കുന്ന ഈ മ്യൂസിക് വിഡിയോയുടെ ആശയവും സംവിധാനവും പാരീസ് ലക്ഷ്മിയുടെതു തന്നെയാണ്. പാരീസ് ലക്ഷ്മിയെക്കൂടാതെ കാവ്യാ മാധവ്, ലക്ഷ്മി ഷാജി, പഞ്ചമി അരവിന്ദ്, അഡ്വക്കേറ്റ് കെ.കെ കവിത, സാംസൺ ലേ, ഇന്ദുജ പ്രകാശ്, ജാൻമണി ദാസ്, ശ്യാമള സേവ്യർ എന്നിവരാണ് വിഡിയോയിൽ സ്ത്രീകഥാപാത്രങ്ങളായി എത്തുന്നത്. രാമു രാജിന്റെ സംഗീതത്തിൽ ഭാഗ്യലക്ഷ്മി ഗുരുവായൂർ കർണാട്ടിക്കും ഇന്ദുലേഖ വാരിയർ റാപ്പും പാരീസ് ലക്ഷ്മി വെസ്റ്റേണും ആലപിച്ചിരിക്കുന്നു. ഛായാഗ്രഹണം അർജുൻ ഷാജിയും എഡിറ്റിങ് നെബിൻ സെബാസ്റ്റ്യനും നിർവഹിച്ചിരിക്കുന്നു. അരുൺ വാസുദേവനും കലാശക്തിയുമാണ് വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്.