വീണ്ടും മെലിഞ്ഞ് ലെഹങ്കയിൽ തിളങ്ങി റിമി; പാവക്കുട്ടിയെപ്പോലെയുണ്ടെന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ
വീണ്ടും ശരീരഭാരം കുറച്ച് ഗായികയും അവതാരകയുമായ റിമി ടോമി. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ലെഹങ്ക ധരിച്ച് കറുപ്പഴകിൽ തിളങ്ങിയാണ് റിമി പ്രത്യക്ഷപ്പെട്ടത്. പോണി ടെയിൽ ഹെയർസ്റ്റൈലും വസ്ത്രത്തിനിണങ്ങുന്ന ആഭരണങ്ങളും ധരിച്ചെത്തിയ റിമിയെ കാണാൻ പാവക്കുട്ടിയെ പോലെയുണ്ടെന്നാണ് ആരാധകപക്ഷം.
റിമിയുടെ മേക്കോവർ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമലോകം ഏറ്റെടുത്തു. പിന്നാലെ ഗായികയുടെ പഴയ രൂപവും പുതിയ രൂപവും തമ്മിൽ താരതമ്യം ചെയ്തുള്ള ചർച്ചകളും സജീവമായി. കാണുന്നവർക്കൊക്കെ റിമി ഇത്ര മെലിഞ്ഞ് സുന്ദരിയായതിന്റെ രഹസ്യമാണ് ആദ്യം അറിയേണ്ടത്. പഴയ റിമി പൂർണമായും അപ്രത്യക്ഷമായി ഇത് പുതിയ വേർഷൻ ആണെന്നാണ് ചിത്രത്തിനു താഴെ ആരാധകർ കുറിക്കുന്നത്.
ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും താരം മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും റിമി ടോമി പങ്കുവയ്ക്കാറുണ്ട്. ലോക്ഡൗൺ കാലത്ത് ജിമ്മിൽ പോകാൻ സാധിക്കാതെ വന്നതോടെ റിമി ഫ്ലാസ്ക് കയ്യിൽ പിടിച്ച് ഡംബെൽ ആക്കി വർക്കൗട്ട് ചെയ്യുന്ന വിഡിയോ വൈറലായിരുന്നു.