ഗർഭകാല വിശേഷങ്ങൾ പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. ഉള്ളിൽ ഒരു ജീവൻ വളരുന്നു എന്നറിഞ്ഞ നിമിഷം മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അമ്മയാകുക എന്നതാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തരമായ കാര്യം എന്ന് ഇപ്പോൾ തിരിച്ചറിയുന്നു എന്നും ഗായിക വെളിപ്പെടുത്തി. ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായ എപ്പോഴും തന്റെ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഒപ്പമുണ്ടെന്നും ശ്രേയ ഘോഷാൽ പറഞ്ഞു. 

‘ഞാൻ ഇപ്പോൾ യഥാര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണ്. മാതാപിതാക്കളാകാൻ ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തോട് ആദ്യമേ നന്ദി പറയുന്നു. വയറ്റിൽ ഒരു കുഞ്ഞ് വളരുമ്പോഴുള്ള മഹത്തായ അനുഭവം എന്താണെന്ന് എന്റെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്. ഇപ്പോൾ ഞാനത് അനുഭവിച്ചറിയുന്നു. ഒരു സ്ത്രീയ്ക്ക് ഏറ്റവും കൂടുതൽ സന്തോഷം പകരുന്നതും അവള്‍ക്കു കിട്ടുന്ന ഏറ്റവും മികച്ച സമ്മാനവും മാതൃത്വത്തിന്റെ മധുരം ആണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. 

എന്റെ ഭർത്താവ് ശൈലാദിത്യ എന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് എപ്പോഴും എനിക്കൊപ്പമുണ്ട്. എന്നിലെ മാനസികമായ മാറ്റങ്ങളും വാശികളും കൊഞ്ചലുകളുമെല്ലാം അദ്ദേഹം തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. തിരക്കുകളിൽ നിന്നൊക്കെ മാറി ഒരുമിച്ചിരിക്കാനും എല്ലാം പങ്കുവയ്ക്കാനും ഇപ്പോഴാണ് ഞങ്ങൾക്കു സമയം കിട്ടുന്നത്. ഞങ്ങൾ ഇപ്പോൾ ആകാംക്ഷയിലും അതുപോലെ തന്നെ ഉത്കണ്ഠയിലുമാണ്. കാരണം, ഇത്തരം അനുഭവങ്ങളൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പുതുമ നിറഞ്ഞതാണ്’.– ശ്രേയ ഘോഷാൽ പറഞ്ഞു. 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആദ്യകണ്‍മണിയെ കാത്തിരിക്കുകയാണെന്ന വാർത്ത ശ്രേയ ആരാധകരെ അറിയിച്ചത്. നിറവറില്‍ കൈചേർത്ത് മാതൃവാത്സല്യത്തോടെ നിൽക്കുന്ന ക്യൂട്ട് ചിത്രവും ഗായിക പങ്കുവച്ചു. ശ്രേയയുടെയും ഭർത്താവിന്റെയും പേരുകൾ കൂട്ടിച്ചേർത്ത് ‘ശ്രേയാദിത്യ ഓൺ ദ് വേ’ എന്നു കുറിച്ചുകൊണ്ടാണ് ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്. 2015ലാണ് ശ്രേയ ഘോഷാലും ശൈലാദിത്യയും വിവാഹിതരായത്.