കോവിഡ് കാലത്തെ പ്രതിസന്ധികളുടെ നേർക്കാഴ്ചയായി ഒരുക്കിയ ‘ഏക താളം’ എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ഡോ.വാഴമുട്ടം ചന്ദ്ര ബാബു സംഗീതം പകർന്ന ഗാനം ശ്രീഹരി നാരായണൻ ആണ് ആലപിച്ചത്. വരികൾ കുറിച്ചത് രശ്മി പ്രിയ തുളസി. ഒറ്റപ്പെടലിന്റെയും നിരാശയുടെയും ദുരിതം പേറുന്നവർക്കിടയിലേയ്ക്ക് പ്രതീക്ഷയുടെ തിരിനാളവുമായാണ് ‘ഏകതാളം’ എത്തിയത്. 

‘ഒരുമിച്ചു മുന്നേറിടാം 

തളരാതെ താങ്ങായിടാം

കരുതാമൊരു കൈത്തിരി ചാരെ

ഉണരാമൊരു നിനവിന്റെ കൂടെ.....

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിയത്. മഹാമാരിക്കാലത്ത് ഒരേ മനസ്സോടെ പരസ്പരം ചേർന്നു നിൽക്കേണ്ടതിന്റെ ആവശ്യകത പാട്ടിൽ പറഞ്ഞുവയ്ക്കുന്നു. നവീൻ കെ.സാജ് ആണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.