വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ മുന്നേറ്റത്തിനുള്ള ആഹ്വാനവുമായി പുറത്തിറക്കിയ ‘തീ റാപ്’ ശ്രദ്ധേയമാകുന്നു. സച്ചിൻ ദേവ് ആണ് വിഡിയോയുടെ സംവിധായകൻ. യു എ മനോജും അഞ്ജന എം.കെയും ചേർന്നെഴുതിയ വരികൾക്ക് ഡോ. റേസൻ അലക്സ് ആണ് ഈണം പകർന്നത്. ഇന്ദുലേഖ വാരിയറും അമീഖാ ലിയാനയും ചേർന്ന് പാടി അഭിനയിച്ചിരിക്കുന്നു. ഇതിനു മുൻപ് ഇന്ദുലേഖ ഒരുക്കിയ ‘പെൺറാപ്’ ശ്രദ്ധേയമായിരുന്നു. 

വേറിട്ട ആശയാവിഷ്കാരമായാണ് ‘തീ റാപ്’ പ്രേക്ഷകർക്കരികിൽ എത്തിയത്. വർധിച്ചു വരുന്ന സ്ത്രീവിരുദ്ധതയ്ക്കും പീഡനങ്ങൾക്കും ഒരു താക്കീതാണിതെന്ന് തീ റാപ്പിന്റെ അണിയറപ്രവർത്തകർ പറഞ്ഞുവയ്ക്കുന്നു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വരികൾ ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ തറയ്ക്കുന്നുവെന്നും ഈണം വളരെ തീക്ഷ്ണവും ആകർഷകവുമാണെന്നും പ്രേക്ഷകർ കുറിച്ചു. ലിജിൻ എൽദോ ആണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്.