26ാം വിവാഹവാർഷികം ആഘോഷിച്ച് സംഗീത ഇതിഹാസം എ.ആർ.റഹ്മാനും ഭാര്യ സൈറ ഭാനുവും. പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ചിത്രം റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചുരുങ്ങിയ സമയത്തിനകം വൈറലായ ചിത്രത്തിനു താഴെ പ്രമുഖരുൾപ്പെടെ നിരവധി പേർ ആശംസകളുമായെത്തി. വിവാഹം കഴിഞ്ഞിട്ട് 26 വർഷങ്ങളായോ എന്ന അദ്ഭുതത്തോടെയാണ് പലരും പ്രതികരിച്ചത്. 

25+1 എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് റഹ്മാൻ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും ഗായകൻ നിക് ജൊനാസിന്റെയും വിവാഹാഘോഷവേളയിൽ പകർത്തിയ സെൽഫിയാണിത്. ചിത്രത്തിൽ റഹ്മാനൊപ്പം ചേർന്നു നിൽക്കുന്ന സൈറയെ ആണ് കാണാനാകുക. ഇരുവരുടെയും മനോഹര ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ റഹ്മാൻ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇരുവർക്കും ഖദീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കളാണ് ഉള്ളത്. മൂവരും സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതരാണ്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സംഗീതരംഗത്ത് ഹരിശ്രീ കുറിച്ചു കഴിഞ്ഞു.