‘സ്പേസ് മാൻ’ എന്ന ഏറ്റവും പുതിയ സംഗീത ആൽബത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് ഗായകൻ നിക് ജൊനാസ്. ഇന്നലെയാണ് നിക്കിന്റെ പുതിയ ആൽബം പ്രേക്ഷകർക്കരികിൽ എത്തിയത്. നിക്കിന്റെ പുതിയ ആൽബത്തെ ഭാര്യ പ്രിയങ്ക ചോപ്ര സമൂഹമാധ്യമത്തിലൂടെ പ്രശംസിച്ചു. പ്രിയങ്കയാണ് പുതിയ പാട്ടൊരുക്കാൻ തനിക്കു പ്രചോദനമായതെന്ന് നിക് ജൊനാസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ഹ്രസ്വവിഡിയോ ആണ് വൈറലാകുന്നത്. 

ആൽബത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നതിനിടെ നിക്കിന്റെ അടുത്തെത്തി സ്നേഹപൂർവം ചുണ്ടിൽ ചുംബിക്കുന്ന പ്രിയങ്കയെ ആണ് വിഡിയോയിൽ കാണാനാകുക. ഉടൻ തന്നെ ക്യാമറയുടെ മുൻപിൽ നിന്നും പ്രിയങ്ക മാറുകയും നിക് സംസാരം തുടരുകയും ചെയ്തു. ഈ സംഗീത ആൽബത്തിനു മാത്രമല്ല, തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പ്രിയങ്കയാണ് പ്രചോദനം എന്ന് നിക് ജൊനാസ് തുറന്നു പറഞ്ഞു. 

പ്രിയങ്കയ്ക്കായുള്ള പ്രണയലേഖനങ്ങളുടെ സമാഹാരമാണ് ‘സ്പേസ് മാൻ’ എന്ന് നിക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ ആൽബം പ്രിയങ്കയെ കൂടുതൽ സന്തോഷിപ്പിക്കുമെന്നും അവളുടെ സന്തോഷം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും നിക് പറഞ്ഞു. അകലം, സൗഖ്യം, സന്തോഷം, സമര്‍പ്പണം എന്നിങ്ങനെ നാല് വ്യത്യസ്ത ആശയങ്ങളാണ് ‘സ്പേസ് മാൻ’ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാട്ട് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.