ഗായകൻ ചാൾസ് ആന്റണി പങ്കുവച്ച വിഡിയോ ആണ് മോഹൻലാൽ ആരാധകരുടെ ഇടയിൽ വൈറൽ. പാട്ട് ഏറെ ആസ്വദിക്കുന്ന ആളാണ് മോഹൻലാലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ അദ്ദേഹം സകുടുംബം പാട്ടുപാടുന്ന അപൂർവ വിഡിയോ ആണ് ചാൾസ് പ്രേക്ഷകർക്കായി പങ്കുവച്ചത്.

മോഹൻലാലിന്റെ കുടുംബത്തിലെ പ്രത്യേക പരിപാടികളിൽ ഗായകനായി പങ്കെടുക്കുന്ന ആളാണ് ചാൾസ് ആന്റണി. മോഹൻലാലിന്റെ കുടുംബത്തോട് ഏറെ അടുപ്പം പുലർത്തുന്നവര്‍ മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ പരിപാടിയില്‍ സംഭവിച്ച നിമിഷങ്ങളാണ് വിഡിയോയില്‍ കാണാനാകുന്നത്. സാധാരണ ചാൾസിനൊപ്പം ഇംഗ്ലിഷ്, മലയാളം, തമിഴ് തുടങ്ങി നാടൻ പാട്ടുകൾ വരെ മോഹൻലാൽ പാടാറുണ്ട്. എന്നാല്‍ അന്നൊരു ദിവസം അദ്ദേഹത്തിന് കുടുംബത്തിനൊപ്പം ചേർന്നൊരു പാട്ട് പാടണമെന്ന് തന്നോട് ആവശ്യപ്പെട്ടതായി ചാൾസ് പറയുന്നു.

‘ഐ വാണ്ട് ടു ഹോൾഡ് യുവർ ഹാൻഡ്സ് എന്ന ബീറ്റിൽസിന്റെ പാട്ട് ആണ് ആവശ്യപ്പെട്ടത്. അതിന്റെ വരികൾ ഞാൻ അവർക്കു നൽകുകയും ഇവരെല്ലാം ചേർന്ന് അത് ആലപിക്കുകയുമായിരുന്നു. ആ പാട്ടിന്റെ വരികൾ വളരെ അർഥവത്താണ്. അതുകൊണ്ടാണ് ഈ പാട്ട് തന്നെ തിരഞ്ഞെടുത്തതും.’–ചാൾസ് പറഞ്ഞു.

‘മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കുടുംബത്തിൽ നിന്നും ഇങ്ങനെയൊരു വിഡിയോ അപൂർവമായിരിക്കും. അതുകൊണ്ടാണ് ഈ വിഡിയോ സ്പെഷൽ ആകുന്നത്. ബീറ്റിൽസിന്റെ പാട്ടും മറ്റൊരു പ്രത്യേകതയായി.’–ചാൾസ് പറഞ്ഞു.