ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരമായി ഗായിക ബിയോൺസി. ഗ്രാമിക്കായി ഒൻപത് വിഭാഗങ്ങളിലേയ്ക്കു നാമനിർദേശം നേടി താരം ചരിത്രം കുറിച്ചിരുന്നു. പിന്നാലെയാണ് ഇത്തവണത്തെയും പുരസ്കാര നേട്ടം. നാല് വിഭാഗങ്ങളിലാണ് ഇത്തവണ ബിയോൺസി ഗ്രാമികൾ വാരിക്കൂട്ടിയത്. ഗായികയുടെ ‘ബ്ലാക് പരേഡ്’ ആല്‍ബം പുരസ്കാര നിറവിൽ തിളങ്ങി. 63ാമത് ഗ്രാമി പ്രഖ്യാപിക്കപ്പെട്ടതോടെ ബിയോൺസി ആകെ നേടിയ ഗ്രാമി പുരസ്കാരങ്ങളുടെ എണ്ണം 28 ആയി. ഇതോടെ ഏറ്റവുമധികം ഗ്രാമികൾ വാരിക്കൂട്ടിയ താരം എന്ന ഖ്യാതിയും ബിയോൺസിയുടെ പേരിനൊപ്പം കുറിക്കപ്പെട്ടു. ബിയോൺസിയുടെ ഒൻപത് വയസ്സുകാരി മകള്‍ ബ്ലൂ ഐവി കാർട്ടറും ഇത്തവണ ഗ്രാമി നേട്ടത്തിൽ തിളങ്ങി. 

സംഗീതത്തിലെ പരമോന്നത ബഹുമതിയായ ഗ്രാമിയുടെ ചരിത്രം പരിശോധിച്ചാൽ ഇത്രയധികം ഗ്രാമികൾ വാരിക്കൂട്ടിയ മറ്റൊരു താരത്തെ കണ്ടെത്താനാകില്ല. സര്‍വകാല റെക്കോർഡുകളും ഭേദിച്ചാണ് ബിയോൺസിയുടെ പുരസ്ക്കാരക്കൊയ്ത്ത്. 2001ലാണ് ഗായിക ആദ്യ ഗ്രാമി സ്വന്തമാക്കിയത്. പിന്നാലെ ഇടതടവില്ലാതെ പുരസ്കാരങ്ങളുടെ ഒഴുക്കായിരുന്നു. 

‘ഇത്തവണത്തേത് ബിയോൺസിയുടെ ഗ്രാമി ആയിരുന്നു, മറ്റുള്ളവർ പങ്കെടുക്കാനെത്തി എന്നു മാത്രം’ എന്നാണ് ആരാധകവൃന്ദം പറഞ്ഞുവയ്ക്കുന്നത്.  പാട്ടിൽ മാത്രമല്ല വേഷത്തിലും ബിയോൺസി വ്യത്യസ്തയാകാറുണ്ട്. ലോകപ്രശസ്തരായ ഫാഷൻ ഡിസൈനേഴ്സ് ആണ് ഗായികയ്ക്കു വേണ്ടി വസ്ത്രങ്ങൾ ഒരുക്കാറുള്ളത്. ഓരോ തവണയും ആരാധകരെ ആകർഷിക്കുന്ന വെറൈറ്റി ലുക്കിലാണ് ബിയോൺസി എത്തുക. ഇത്തവണയും പതിവു തെറ്റിയില്ല. ഗായികയുടെ പുരസ്കാര നേട്ടം പോലെ വസ്ത്രവും അതിനൊപ്പമണിഞ്ഞ ആഭരണങ്ങളും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.