മോഹൻലാലും എ.ആർ. റഹ്മാനും; മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനവുമായി ആറാട്ട് ടീം
മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനരംഗം ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ആറാട്ട് ടീം. സൂപ്പർസ്റ്റാർ മോഹന്‍ലാലും സംഗീത ഇതിഹാസം എ.ആർ. റഹ്മാനും ഒന്നിച്ച് അഭിനയിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കോടികൾ ചിലവഴിച്ച് ഒരുങ്ങുന്ന ഗാനരംഗം ചിത്രീകരിക്കുന്നത് ചെന്നൈയിൽ വച്ചാണ്. ബ്രഹ്മാണ്ഡ സെറ്റിട്ട് വമ്പൻ സാങ്കേതികതികവോടെയാകും ഇത് ചിത്രീകരിക്കുക.
യോദ്ധ, ഇരുവർ എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് എ.ആർ. റഹ്മാൻ സംഗീതം പകർന്നിട്ടുണ്ട്. മാത്രമല്ല എ.ആർ. റഹ്മാൻ ക്യാമറയ്ക്കു മുന്നിലെത്തുന്നതും അപൂർവാണ്. ഇതിനു മുമ്പ് വിജയ് ചിത്രമായ ബിഗിലിലെ ഗാനരംഗത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യൻ സിനിമാരംഗത്തെ വിസ്മയങ്ങൾ ഒന്നിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേക്ഷകരും.
ആറാട്ട് ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽനിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നു; തുടർന്നുള്ള സംഭവങ്ങളാണ് ‘ആറാട്ട്’. മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’ എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കാനായി കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.
ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.