മലയാള ഗാനശാഖയ്ക്കുള്ള അംഗീകാരം: പ്രഭാവർമ
തിരുവനന്തപുരം ∙ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം 2 പതിറ്റാണ്ടിനു ശേഷമാണു പ്രഭാവർമയിലൂടെ മലയാളത്തിൽ എത്തുന്നത്. 2000ൽ ‘മഴ’ എന്ന ചിത്രത്തിലെ ഗാനത്തിനു യൂസഫലി കേച്ചേരിക്കാണു അവസാനമായി ഈ പുരസ്കാരം ലഭിച്ചത്. മുൻപ് വയലാറിനും (അച്ഛനും ബാപ്പയും–1972) ഒഎൻവിക്കും (1988–വൈശാലി) ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഒരിക്കൽക്കൂടി മലയാള സിനിമ ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നതിനു തന്റെ ഗാനം നിമിത്തമായതിൽ ഏറെ സന്തോഷമുണ്ടെന്നു പ്രഭാവർമ പറഞ്ഞു. ‘കോളാമ്പി’ എന്ന ചിത്രത്തിലെ ‘ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം....’ എന്ന ഗാനത്തിനാണ് അവാർഡ്. രമേഷ് നാരായണൻ ഈണമിട്ട് അദ്ദേഹത്തിന്റെ മകൾ മധുശ്രീയാണ് ആലപിച്ചത്. അവസാന റൗണ്ടിൽ പ്രഭാവർമയുടെ 3 ഗാനങ്ങൾ ജൂറി പരിഗണിച്ചിരുന്നു.‘കോളാമ്പി’യിലെ തന്നെ ബോംബെ ജയശ്രീ പാടിയ ഗാനവും ‘മരക്കാറി’ൽ ശ്രേയാ ഘോഷാൽ പാടിയതുമായിരുന്നു മറ്റുള്ളവ.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് അഡ്വൈസറാണു പ്രഭാവർമ. മികച്ച ഗാനരചയിതാവിനുള്ള 3 സംസ്ഥാന ചലച്ചിത്ര അവാർഡുകളും 2 സംസ്ഥാന നാടക അവാർഡുകളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് ജേതാവ് കൂടിയാണ്.