ആ സംഗീത സംസ്കാരം നഷ്ടമായി; ഓർക്കസ്‌ട്രേഷൻ അല്ല സംഗീതം: പ്രഭാവർമ
മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അവഗണയിൽ നിന്നും രക്ഷിക്കാൻ തന്റെ ഗാനത്തിനായെങ്കിൽ അതിൽ സംതൃപ്തിയുണ്ടെന്ന് ഗാനരചയിതാവ് പ്രഭാവർമ്മ. ഇന്ത്യൻ സിനിമയെ നയിക്കുന്നത് മലയാള സിനിമയാണെന്നും അതിൽ ചലച്ചിത്ര സംഗീതരംഗം ഇതുവരെയും വേണ്ടരീതിയിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും പ്രഭാവർമ്മ പറഞ്ഞു. ഇത്തവണത്തെ മികച്ച വരികൾക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ വേളയിൽ മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം. ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിച്ച ‘കോളാമ്പി’ എന്ന ചിത്രത്തിൽ രമേശ് നാരായണൻ ഈണം പകർന്ന് മധുശ്രീ ആലപിച്ച ഗാനത്തിന്റെ വരികൾക്കാണ് പ്രഭാവർമ പുരസ്കാരം നേടിയത്.
‘മലയാള ചലച്ചിത്ര ഗാനരംഗം മാത്രമല്ല ഇന്ത്യൻ ചലച്ചിത്ര ഗാനരംഗം തന്നെ മെലഡിയോടു വിടപറഞ്ഞു കക്കോഫോണിയിലേക്ക് സഞ്ചരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. ധ്വനിയും ഭാവമൊന്നുമില്ലാതെ വെറും ശബ്ദകോലാഹലം മാത്രം, അതാണ് ഇന്നത്തെ ഗാനങ്ങൾ. ഇത് കലയുടെ എല്ലാ രംഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു അപചയം ചലച്ചിത്ര സംഗീത രംഗത്തും വന്നുചേർന്നു. സംഗീതം മനസ്സിന്റെ അഗാധതയിൽ നിന്ന് സ്വയമേവ ഉണ്ടായി വരേണ്ടതാണ്. പ്രാണധാരയിൽ നിന്നാണ് സംഗീതം ഉണ്ടാകേണ്ടത് അതിനെ കീബോർഡിൽ നിന്ന് വരുന്ന ശബ്ദം മാത്രമാക്കി മാറ്റുകയാണിപ്പോൾ. ഒരുകാലത്തു ഉണ്ടായിരുന്ന ഭാവാത്മക ഗാനങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ല. കാരണമായി പറയുന്നത് ഇന്നത്തെ തലമുറക്ക് അങ്ങനെയുള്ള കലയാണ് ഇഷ്ടം എന്നതാണ്. എന്നാൽ അങ്ങനെ അല്ല പുതിയ കുട്ടികൾ റിയാലിറ്റി ഷോയിലൊക്കെ പാടുന്നത് പഴയ പാട്ടുകൾ തന്നെയാണ്. വയലാറും ഭാസ്കരൻ മാഷും ഒഎൻവിയും ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തി സ്വാമിയുമൊക്കെ സൃഷ്ടിച്ച സംഗീത സംസ്കാരമൊക്കെ ഇല്ലാതെയായിരിക്കുന്നു. ഓർക്കസ്‌ട്രേഷൻ ആണ് സംഗീതം എന്ന് കരുതുകയും മെലഡി ഇല്ലാതാവുകയും ചെയ്തു. അങ്ങനെയുള്ള ഒരവസരത്തിലാണ് ഈ പുരസ്കാരം പ്രഖ്യാപനം ഉണ്ടാകുന്നത്. സാധാരണ പാട്ടിന്റെ വരികൾക്ക് പുരസ്കാരം കൊടുക്കുക പതിവില്ലാത്തതാണ്.
67 വർഷമായി ഇന്ത്യയിൽ ദേശീയ പുരസ്കാരം നൽകുന്നുണ്ട്. എന്നാൽ ചലച്ചിത്ര ഗാന രചനാ രംഗത്ത് ആകെ മൂന്ന് തവണ മാത്രമാണ് ഈ അംഗീകാരം മലയാളത്തിനു ലഭിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയെ നയിക്കുന്നതു മലയാള സിനിമയാണ്. അടൂർ ഗോപാലകൃഷ്ണനും ജി.അരവിന്ദനും ജോൺ എബ്രഹാമുമൊക്കെ സൃഷ്ടിച്ചു വച്ച ഒരു മലയാള സിനിമാ സംസ്കാരമുണ്ട്. ഗാനരംഗത്ത് മറ്റു ഭാഷയിൽ ഉണ്ടാകുന്നതിനേക്കാൾ മലയാളത്തിൽ ആണ് നല്ല ഗാനങ്ങൾ ഉണ്ടായിട്ടുള്ളത്. എന്നാൽ ആ ഒരു പരിഗണന ദേശീയ പുരസ്കാര വേദിയിൽ കിട്ടിയിട്ടില്ല. ആദ്യം വയലാറിനു പുരസ്കാരം ലഭിച്ചു, പിന്നീട് ഒഎൻവിക്കും. അതിനുശേഷം യൂസഫലി കേച്ചേരിക്ക് മറ്റൊരാളുമായി പങ്കിട്ട ഒരു പുരസ്കാരം ലഭിച്ചു. പല സർഗ്ഗ പ്രതിഭകളും ഇതുവരെ അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് മലയാള ഗാനരചനാരംഗത്ത് ഇപ്പോൾ ഒരു ദേശീയ പുരസ്കാരം എത്തിയത്. ആ അവഗണന തിരുത്തുന്ന ഒരു സംസ്കാരത്തിന്റെ തുടക്കമാണ് ‘കോളാമ്പി’ എന്ന സിനിമയിലൂടെ എനിക്കു കിട്ടിയ ഈ ദേശീയ അംഗീകാരമെങ്കിൽ അതിൽ സന്തോഷമേയുള്ളൂ.
‘കോളാമ്പി’യിലെ ഗാനരചന ഒരു വെല്ലുവിളി ആയിരുന്നു. ഒരു നിശ്ചിതമായ മീറ്ററിൽ മ്യൂസിക് സെറ്റ് ചെയ്തിരുന്നു. അതിൽ വ്യത്യസ്ത ഭാവങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഗാനങ്ങൾ എഴുതുക, ഇതായിരുന്നു ചലഞ്ച്. ഒരേ മീറ്ററിൽ വ്യത്യസ്തമായ ഗാനങ്ങൾ ഉണ്ടാക്കുക എന്നുള്ളത് പരീക്ഷണമായിരുന്നു. ഒരു ശോകഗാനവും ഒരു പ്രണയഗാനവുമാണ് ആ സിനിമയിൽ ചെയ്യാൻ ഉണ്ടായിരുന്നത്. ആ ഒരു ചലഞ്ച് ഏറ്റെടുത്തു ചെയ്തത് നന്നായി വന്നു എന്നത് ദേശീയ പുരസ്‌കാരം കിട്ടിയതിൽ നിന്നും മനസ്സിലാകുന്നു. ഒരു പാട്ട് പാടിയത് ബോംബെ ജയശ്രീ ആണ്. ചിത്രത്തിൽ മധുശ്രീ പാടിയ ‘ആരോടും പറയുക വയ്യ, ആരാവിൻ നിനവുകളെല്ലാം’ എന്ന പാട്ടിന്റെ വരികൾക്കാണ് പുരസ്കാര നേട്ടം. ചിത്രത്തിന്റെ സംവിധായകൻ രാജീവ് കുമാറിന് ഈ ഗാനങ്ങളുടെ കാര്യത്തിൽ വളരെ മൗലികമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഇവരുടെയെല്ലാം കഴിവുകൾ കൂടിയാണ് ഈ പാട്ടിന് ആദരം കിട്ടാൻ കാരണം എന്നു ഞാൻ കരുതുന്നു. എന്നെ ഈ സിനിമയുമായി സഹകരിപ്പിച്ചത് എന്റെ സുഹൃത്തുകൂടിയായ സനൽ കുമാർ ആണ്. ഈ ഗാനരചനയ്ക്കായി അവസരം ഒരുക്കിത്തന്നതിന് ടി.കെ രാജീവ് കുമാറിനും സനൽ കുമാറിനും മധുശ്രീക്കും രമേശ് നാരായണനും ബോംബെ ജയശ്രീക്കും ഞാൻ നന്ദി പറയുന്നു. എനിക്കു മത്സരിക്കേണ്ടത് എന്റെ പാട്ടിനോടു തന്നെയായിരുന്നു എന്നാണു ഞാൻ അറിഞ്ഞത്. മരക്കാറില്‍ ഞാൻ എഴുതിയ ഒരു പാട്ടുണ്ട് അതാണ് ഈ ഗാനത്തോടു മാറ്റുരച്ചത് എന്നാണ് അറിഞ്ഞത്. ഏതായാലും ഗാനരചനാരംഗത്തെക്കൂടി ദേശീയ പുരസ്കാരത്തിനു പരിഗണിച്ചതിൽ സന്തോഷമുണ്ട്. അതോടൊപ്പം ദേശീയ പുരസ്കാര ജേതാക്കൾക്കെല്ലാം എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു’.