സ്റ്റോറേജ് യൂണിറ്റിൽ മോഷണം; ഗ്രാമി തൂത്തുവാരിയതിനു പിന്നാലെ ബിയോൺസിക്കു നഷ്ടം 7 കോടി
അമേരിക്കൻ ഗായികയും ഗ്രാമി ജോതാവുമായ ബിയോൺസിയുടെ സ്റ്റോറേജ് യൂണിറ്റിൽ മോഷണം. ലോസ് ആഞ്ചൽസിൽ ഗായികയുടെ ഹാൻഡ് ബാഗുകളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ സൂക്ഷിക്കുന്ന സ്റ്റോറേജ് യൂണിറ്റുകൾ തകർത്തായിരുന്നു മോഷണം. വിലപിടിപ്പുള്ള നിരവധി വസ്തുവകകളാണ് മോഷ്ടാക്കൾ കവർന്നത്. ലോസ് ആഞ്ചൽസിൽ ബിയോൺസിക്ക് ആകെ മൂന്ന് സ്റ്റോറേജ് യൂണിറ്റുകളാണുള്ളത്. ഇവയിൽ ഈ മാസം തന്നെ ഇതു രണ്ടാം തവണയാണ് കവർച്ച നടക്കുന്നത്. ഏകദേശം 7 കോടി രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായാണ് കണക്കുകൾ. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരമാണ് ബിയോണ്‍സി. ഇത്തവണ നാല് വിഭാഗങ്ങളിൽ നേട്ടം കൊയ്തതോടെ ഗായിക ആകെ നേടിയ ഗ്രാമികളുടെ എണ്ണം 28 ആയി. ബിയോൺസിയുടെ ഒൻപത് വയസ്സുകാരി മകള്‍ ബ്ലൂ ഐവി കാർട്ടറും ഇത്തവണ ഗ്രാമി നേട്ടത്തിൽ തിളങ്ങി. 2001ലാണ് ബിയോണ്‍സി ആദ്യ ഗ്രാമി സ്വന്തമാക്കിയത്. പിന്നാലെ ഇടതടവില്ലാതെ പുരസ്കാരങ്ങളുടെ ഒഴുക്കായിരുന്നു. 63ാമത് ഗ്രാമിയിലും തിളങ്ങിയതിന്റെ സന്തോഷം അടങ്ങുന്നതിനു മുന്‍പാണ് ഇപ്പോൾ സ്റ്റോറേജ് യൂണിറ്റിലെ മോഷണത്തിന്റെ വാർത്തയും പുറത്തു വന്നത്.