ചിത്രയോടുള്ള സ്‌നേഹം ചിത്രമായി സമ്മാനിക്കാനൊരുങ്ങി കലാകാരികൾ; സുന്ദരം വ്യത്യസ്തം ഈ സൃഷ്ടി
Mail This Article
ഗായിക കെ.എസ്. ചിത്രയോടുള്ള സ്‌നേഹം ചിത്രരൂപത്തില്‍ സമ്മാനിക്കാന്‍ ഒരുങ്ങി ഒരു കൂട്ടം ചിത്രകാരികള്‍. ചിത്രകാരികളുടെ ഓണ്‍ലൈൻ കൂട്ടായ്മയായ ഷീ സ്ട്രോക്‌സിലെ 10 ചിത്രകാരികളാണ് പെയിന്റിങ് ഒരുക്കിയത്. കൊച്ചിയിലെ ആര്‍ട്ട് ഇന്‍ ആര്‍ട്ട് ചിത്രകലാ സ്‌കൂള്‍ ഡയറക്ടർ സീമ സുരേഷിന്റേതാണ് ആശയം. വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ എന്ന വിഷയത്തില്‍ ഇവര്‍ ഓണ്‍ലൈൻ ചിത്രപ്രദര്‍ശനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് തെന്നിന്ത്യയുടെ വാനമ്പാടിയായ ചിത്രയുടെ പെയിന്റിങ് വരച്ചത്.
'ഞങ്ങളുടെ രണ്ടാമത്തെ ഓണ്‍ലൈന്‍ എക്‌സിബിഷനായിരുന്നു വനിതാദിനത്തിൽ നടത്തിയത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ശബ്ദമല്ലേ ചിത്രച്ചേച്ചിയുടേത്? ഭാരതസ്ത്രീകളുടെ ആകെ അഭിമാനം! പദ്ഭൂഷൺ നൽകി രാജ്യം ആദരിച്ച സമയവുമാണല്ലോ. അതുകൊണ്ട് ചിത്രച്ചേച്ചി തന്നെ മതി എന്നു തീരുമാനിച്ചു.105 ചിത്രകാരികളുണ്ട് ഷീ സ്ട്രോക്‌സില്‍. പല രാജ്യങ്ങളിൽ താമസിക്കുന്നവര്‍. 105 ചിത്രകാരികളെയും പങ്കെടുപ്പിച്ച് വരയ്ക്കാനായിരുന്നു ആദ്യത്തെ പ്ലാന്‍. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് പിന്നീടത്10 പേരിലേക്ക് ചുരുക്കിയതാണ്.
ചിത്രച്ചേച്ചിയുടെ ഫോട്ടോയുടെ ഓരോ ഭാഗങ്ങൾ പത്ത് കാന്‍വാസില്‍ വരയ്ക്കുകയായിരുന്നു. എല്ലാവരും കൂടി അത് ചിത്രച്ചേച്ചിക്ക് സമ്മാനിക്കാം എന്ന ആഗ്രഹത്തിലാണ് വരച്ചത്. പലരും പലയിടത്തായതുകൊണ്ട് അത് കുറച്ച് ബുദ്ധിമുട്ടാകും. എങ്കിലും ഒരേ സമയത്ത് നാട്ടിലെത്തുന്ന കുറച്ചു പേരെയെങ്കിലും ഒരുമിപ്പിച്ച് ചിത്രച്ചേച്ചിയെ നേരില്‍ക്കണ്ട് ചിത്രം കൊടുക്കണം എന്നുണ്ട്.' സീമപറഞ്ഞു.
ബിന്ദു സുരേഷ്, റെനു സുജിത്(കലിഫോര്‍ണിയ), സുജ വിനോദ്(അറ്റ്‌ലാന്റ, USA), മൊണി ശ്യാം(ഷാര്‍ജ), ഷംന കമ്മാന(അബുദബി), സലീന ഖാലിക്(ഖത്തര്‍), ആശ ലൈല, സീമ സുരേഷ്(എറണാകുളം), ഷീന അനില്‍കുമാര്‍(പത്തനംതിട്ട)നിവേദ മുള്ളോലി(തലശ്ശേരി) എന്നിവരാണ്ചിത്രകാരികള്‍. പതിനാറ് വർഷത്തിനുള്ളില്‍ ആര്‍ട്ട് ഇന്‍ ആര്‍ട്ടിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ 10 പ്രദര്‍ശനങ്ങള്‍ ഓഫ് ലൈനായും കോവിഡ് മുതലുള്ള ഒരു വര്‍ഷം കൊണ്ട് 5 ഓണ്‍ലൈന്‍ എക്‌സിബിഷനുകളും ആര്‍ട്ട് ഇന്‍ ആര്‍ട്ട് നടത്തിയിട്ടുണ്ട്.
English Summary: KS Chithra's painting by 10 artists