കഴിഞ്ഞ ഒരു മാസത്തിലേറെയായി പാട്ടുപ്രേമികളെ ഒന്നാകെ താളം പിടിപ്പിച്ച് ചുവടുവയ്പ്പിക്കുകയാണ് ബോണി എമ്മിന്റെ റാസ്പുടിൻ പാട്ട്. മെഡിക്കൽ വിദ്യാർഥികളായ ജാനകി ഓംകുമാറും നവീൻ കെ റസാഖും അവതരിപ്പിച്ച ഡാൻസ് ചുരുങ്ങിയ ദിവസത്തിനകം സമൂഹമാധ്യമലോകത്തെ ഒന്നാകെ കയ്യിലെടുക്കുകയായിരുന്നു. പിന്നീട് റാസ്പുടിൻ ചലഞ്ചും വ്യാപകമായി. വൈറൽ താരങ്ങളുടെ ചുവടുകൾ അനുകരിച്ച് നിരവധി വ്യത്യസ്ത വിഡിയോകൾ പ്രചരിച്ചു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ പുറത്തു വന്നതാണ് റിട്ടയർമെന്റ് ജീവിതം നയിക്കുന്ന ഒരു കൂട്ടം മുതിർന്നവരുടെ പ്രകടനം. 

എറണാകുളം വാഴക്കുളത്തെ ബ്ലെസ് റിട്ടയർമെന്റ് ലിവിങ് ഹോംസിലെ താമസക്കാരാണ് ഇത്തരത്തിൽ റാസ്പുടിൻ ചലഞ്ച് ഏറ്റെടുത്ത് വിഡിയോ പുറത്തിറക്കിയത്. ഒറ്റ ദിവസം കൊണ്ട് വിഡിയോ ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. രണ്ട് പുരുഷന്മാരും ഏഴ് സ്ത്രീകളും ഉൾപ്പെടെ ഒൻപത് പേരാണ് വിഡിയോയുടെ ഭാഗമായത്. പ്രായത്തെ വെല്ലും വിധത്തിൽ എനർജിയോടെയും പ്രസരിപ്പോടെയുമാണ് എല്ലാവരുടെയും പ്രകടനം. 

ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോയെ മഞ്ജു വാരിയർ ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിച്ചു. എല്ലാവരും വളരെ ക്യൂട്ട് ആയാണ് ഡാൻസ് ചെയ്യുന്നതെന്നും വിഡിയോ തന്നെ ഒരുപാട് സപർശിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു എന്നും മഞ്ജു വാരിയർ പറഞ്ഞു. എല്ലാവരോടും പ്രത്യേകമായി സ്നേഹവും പ്രശംസയും അറിയിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.

പ്രായം വെറും നമ്പർ മാത്രമാണെന്നു കുറിച്ച് ജാനകിയും നവീനും ഈ വിഡിയോ ഷെയർ ചെയ്തു. മികച്ച പ്രതികരണങ്ങളാണു വിഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. റാസ്പുടിൻ ചെറുപ്പക്കാർക്കു മാത്രമല്ല മുതിർന്നവർക്കും വഴങ്ങും എന്നാണ് പലരുടെയും പ്രതികരണം.

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് റാസ്പുടിൻ പാട്ടിനൊപ്പം ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത് ചെറിയ തോതിൽ അല്ല. പ്രശംസയ്ക്കൊപ്പം ഇരുവർക്കും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. മതത്തിന്റെ നിറം കലർത്തി ഇവരെ ചിലർ അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ നവീനും ജാനകിയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ വ്യത്യസ്ത വിഡിയോകളുമായി എത്തിയിരുന്നു. അതിൽ റാസ്പുടിന്റെ കുടിയൻ പതിപ്പും മലയാളി മങ്ക പതിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചട്ടയും മുണ്ടും ധരിച്ച് ഒരു അമ്മച്ചി ഡാൻസ് ചെയ്യുന്ന വിഡിയോയും വൈറലായി. ഇപ്പോൾ പുറത്തു വന്ന ഈ വേറിട്ട വിഡിയോയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.