‘ഡിസ്‌ലൈക്ക് അടിയേറ്റ്’ ആര്യയുടെ ‘അടിയേ കൊള്ളുതേ’: ‘പെർഫെക്റ്റ് ഒക്കെ’ എന്ന് ശ്രോതാക്കൾ
നിരവധി ഗാനങ്ങളുടെ കവർ രൂപങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുള്ള ഗായികയാണ് ആര്യ ദയാൽ. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ആര്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു കവർ ഗാനം പക്ഷേ ട്രോളുകളും വിമർശനങ്ങളും ഏറ്റു വാങ്ങുകയാണ്. ആര്യയും സുഹൃത്ത് സാജനും ചേർന്ന് പുറത്തിറക്കിയ ‘അടിയേ കൊള്ളുതേ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ കവർ വേർഷനാണ് യൂട്യൂബിൽ ഡിസ്‌ലൈക്ക് അടി വാങ്ങി ട്രെൻഡിങ്ങിൽ എത്തിയിരിക്കുന്നത്.
‘കുപ്രസിദ്ധി’ നേടി ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയ ഗാനത്തിന് മിനിറ്റ് വച്ചാണ് ഡിസ്‌ലൈക്ക് വർധിക്കുന്നത്. വിമർശനങ്ങൾ വർധിച്ചതോടെ ഇതൊരു കവർ ഗാനമല്ലെന്നും ‘ജാം സെഷൻ’ ആയിരുന്നുവെന്നും വിശദീകരണം നൽകിയിട്ടുണ്ട് ആര്യ. ‘ഉന്റല്ലോ എയറിൽ ഉന്റല്ലോ’, ‘പെർഫെക്റ്റ് ഒക്കെ’ തുടങ്ങി നിരവധി ട്രോൾ–വിമർശന കമന്റുകളാണ് യൂട്യൂബിൽ നിറയെ. ഹാരിസ് ജയരാജ് ഇൗണമിട്ട് ക്രിഷ്, ബെന്നി ദയാൽ, ശ്രുതി ഹാസൻ എന്നിവർ ചേർന്നു പാടിയതാണ് ‘അടിയേ കൊള്ളുതേ’ എന്ന ഗാനത്തിന്റെ യഥാർഥ രൂപം. സൂപ്പർഹിറ്റ് ചിത്രമായ വരണം ആയിരത്തിലെ ഇൗ ഗാനം അന്നും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
‘സഖാവ്’ എന്ന കവിതയുടെ ആലാപനത്തിലൂടെ സംഗീതപ്രേമികളെയാകെ കയ്യിലെടുത്ത ഗായികയാണ് കണ്ണൂർ സ്വദേശിയായ ആര്യ ദയാൽ. മുൻപും വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ഗാനത്തിന്റെ പേരിൽ ആര്യയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.