ഒഎൻവി പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു പിന്മാറി. പുരസ്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. മീടു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകുന്നതിനെതിരെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വിമർശനങ്ങൾ കടുത്തതോടെ പുരസ്കാരം നൽകിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾചറൽ അക്കാദമി ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വൈരമുത്തു തന്റെ തീരുമാനം അറിയച്ചത്. 

ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാൾക്ക് ഒഎൻവി പുരസ്കാരം നൽകുന്നതിനെ നിരവധി പേരാണു വിമർശിച്ചത്. ഒറ്റ വരി ട്വീറ്റിലൂടെയായിരുന്നു ഗായിക ചിന്മയിയുടെ പ്രതികരണം. ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ തുടങ്ങി നിരവധി പ്രമുഖർ തീരുമാനത്തെ എതിർത്തു രംഗത്തെത്തിയിരുന്നു. 

2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംകാതിക്രമ ആരോപണം ഉയർന്നത്. ‌പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ഗായിക ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചത്.