അപ്രതീക്ഷിതമായി വന്ന് ആരാധകർക്കു വൻ സർപ്രൈസ് നൽകിയിരിക്കുകയാണ് നടിയും അവതാരകയുമായ ജുവൽ മേരി. 'എൻജോയ് എൻജാമി' എന്ന ഹിറ്റ് ഗാനത്തിനു കവർ പതിപ്പൊരുക്കിയാണ് ജുവൽ ആരാധകരെ അമ്പരപ്പിച്ചത്. മികച്ച ആലാപനത്തിലൂടെ താരം ചുരുങ്ങിയ സമയത്തിനകം ആസ്വാദകരെ കയ്യിലെടുത്തു. ജുവൽ ഇത്രയും മനോഹരമായി പാടുമെന്നത് പലർക്കും പുതിയ അറിവാണ്. യൂട്യൂബ് ചാനലിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് കവർ പതിപ്പൊരുക്കിയത്. തന്റെ ആദ്യ കവർ ഗാനമാണിതെന്നും ഇത്തരമൊരു വ്യത്യസ്ത ഗാനം സൃഷ്ടിച്ച ധീയോടും അറിവിനോടും സ്നേഹം അറിയിക്കുന്നു എന്നും പാട്ട് പങ്കുവച്ച് ജുവൽ കുറിച്ചു. 

‘കാലത്തിനപ്പുറം നിലനിൽക്കുന്ന ഗാനമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഗാനം നിർമ്മിക്കാൻ സഹായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. എല്ലാവരും പാട്ട് ആസ്വദിക്കുമെന്നു കരുതുന്നു’ എന്നും ജുവൽ കൂട്ടിച്ചേർത്തു. ചുരുങ്ങിയ സമയത്തിനകം താരത്തിന്റെ പാട്ട് വിഡിയോ വൈറലായി. ഗായിക ജുവൽ ആണെന്നറിഞ്ഞപ്പോൾ പലരും അദ്ഭുതത്തോടെയാണു പ്രതികരിച്ചത്. സംഗീതസംവിധായകൻ കൈലാസ് മേനോൻ ഉൾപ്പടെയുളള പ്രമുഖർ താരത്തെ പ്രശംസിച്ചു കമന്റുകളിട്ടു. അർജുൻ ഉണ്ണികൃഷ്ണൻ ആണ് ജുവലിന്റെ സഹഗായകൻ. 

‘എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഈ പാട്ട് പാടിയത് ആരാണെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. എന്നാലും ഇവളിതെങ്ങനെ എന്ന തരത്തിലുളള പല കമന്റുകളും എത്തി. ഞാൻ തന്നെയാണു മൊതലാളി’ എന്നാണ് പ്രതികരണങ്ങൾക്കു നന്ദി പറഞ്ഞ് ജുവൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകര്‍ക്കരികിൽ എത്തിയത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയായ അവതാരകയാണ് ജുവൽ മേരി. സലിം അഹമ്മദിന്റെ പത്തേമാരിയിലൂടെ സിനിമയിൽ ചുവടു വച്ചു. അഭിനയരംഗത്ത് ഏറെ സജീവമാണ് ജുവൽ.