ആദ്യം ആസ്വദിപ്പിച്ചു, പിന്നെ കുഴപ്പിച്ചു; അനൂപ് മേനോന്റെ പാട്ട് വിഡിയോ കണ്ട് അബദ്ധം പറ്റി ആരാധകർ
നടൻ അനൂപ് മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പാട്ട് വിഡിയോ ൈവറലാകുന്നു. ‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി’ എന്ന ഹൃദ്യമായ മെലഡി ആലപിക്കുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. അനൂപിന്റെ വിഡിയോ ഏറെ ആസ്വദിച്ച് കണ്ടിരുന്ന ആരാധകർക്കു പക്ഷേ വലിയൊരു അബദ്ധം പറ്റി. പാട്ട് വിഡിയോയിലും അനൂപ് മേനോൻ അഭിനയിക്കുക മാത്രമായിരുന്നു. പാടിയത് താരത്തിന്റെ സുഹൃത്തും പിന്നണി ഗായകനുമായ രാജ്കുമാർ രാധാകൃഷ്ണനാണ്.
വിഡിയോയുടെ അവസാന ഭാഗത്താണ് ഇക്കാര്യം അനൂപ് മേനോൻ പ്രേക്ഷകർക്കു മുന്നിൽ വെളിപ്പെടുത്തുന്നത്. ക്യാമറയ്ക്കു പിന്നിൽ സോഫയിലിരുന്ന് ഫോണിൽ വരികൾ നോക്കി പാടുന്ന രാജ്കുമാർ അവസാനഭാഗത്താണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഒന്നര മിനിട്ട് ദൈർഘ്യമുള്ള വിഡിയോ മുഴുവനായും കാണുന്നവർക്കു മാത്രമേ യഥാർഥ സംഗതി മനസ്സിലാകൂ. അനൂപ് മേനോന്റെയും രാജ്കുമാറിന്റെയും സുഹൃത്തായ രാജ് പ്രഭവതിയാണ് വിഡിയോ ചിത്രീകരിച്ചത്.
വിഡിയോയുടെ ഏതാനും ഭാഗം മാത്ര കണ്ട് അനൂപ് നന്നായി പാടി എന്നും അദ്ദേഹം നടൻ മാത്രമല്ല മികച്ച ഗായകൻ കൂടിയാണെന്നുമൊക്കെ കമന്റു ചെയ്തവരുണ്ട്. ഇത്രയും മികച്ച ശബ്ദമായിട്ടും എന്താണ് സ്റ്റേജ് ഷോകളില്‍ പാടാത്തത് എന്നായി ചിലർ. പാടുന്നതിനൊപ്പം മുഖത്തു വിടരുന്ന ഭാവങ്ങൾ അസാമാന്യമാണെന്നുമൊക്കെ ആരാധകർ കുറിച്ചു. എന്നാൽ വിഡിയോ മുഴുവൻ കണ്ടവരുടെ കമന്റുകളെത്തിയപ്പോഴാണ് മറ്റുള്ളവർക്ക് അബദ്ധം മനസ്സിലായത്. എങ്കിലും ഇങ്ങനെ പറ്റിക്കേണ്ടായിരുന്നു എന്നാണ് ചിലരുടെ പരിഭവം. രാജ്കുമാറിന്റെ ആലാപനത്തെ പ്രശംസിച്ചവർ അനൂപ് മേനോന്റെ അഭിനയത്തെക്കുറിച്ചും എടുത്തു പറയുന്നുണ്ട്. അനൂപ് മികച്ച നടനാണെന്നു മനസ്സിലാക്കാൻ ഈ ഒരു വിഡിയോ മാത്രം മതിയെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. എന്തായാലും അനൂപിന്റെ പോസ്റ്റ് ചുരുങ്ങിയസമയത്തിനകം തന്നെ വൈറലാവുകയും ആരാധകർക്കിടയിൽ ചർച്ചാ വിഷയമാവുകയും ചെയതു.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ‘സമൂഹം’ എന്ന ചിത്രത്തിലെ ഗാനമാണിത്. ജോൺസൺ മാസ്റ്റർ ഈണം പകർന്ന പാട്ട് കെ.ജെ.യേശുദാസ് ആണ് ആലപിച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണു വരികൾ. സുരേഷ് ഗോപിയും സുഹാസിനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘സമൂഹം’. ചിത്രത്തിലെ എല്ലാ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവയ്ക്കൊക്കെ ഇപ്പോഴും ആരാധകരും ആസ്വാദകരും ഏറെയാണ്.