പുറത്തിറങ്ങിയ അന്നു മുതൽ ട്രെന്‍ഡിങ്ങിൽ; സിദ്ദ് ശ്രീറാമിന്റെ ശബ്ദത്തിൽ നെട്രികണിലെ പാട്ട്
മിലിന്ദ് റാവു സംവിധാനം ചെയ്ത് നയൻതാര നായികയാകുന്ന ത്രില്ലർ ചിത്രമായ നെട്രികണിലെ "ഇതുവും കടന്തു പോകും" എന്ന ഗാനം ശ്രദ്ധേയമാകുന്നു. അന്ധയായ സ്ത്രീയുടെ വേഷത്തിലാണ് നയൻതാര ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സിദ്ദ് ശ്രീറാം ആലപിച്ച ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് കാർത്തിക് നെത ആണ്. ദി ഹീലിങ്സോങ് എന്ന് പേരിട്ടിരിക്കുന്ന ഗാനം പുറത്തിറങ്ങിയപ്പോൾ തന്നെ വൻ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്. നിരവധി ആസ്വാദകരെ നേടിയ പാട്ട് റിലീസ് ചെയ്ത അന്നു മുതൽ ട്രെൻഡിങ്ങിലാണ്.
"ഇതുവും കടന്തു പോകും" എന്ന ഈ ഗാനത്തിന്റെ വിഡിയോ തയ്യാറാക്കിയിരിക്കുന്നത് ആരോഗ്യരംഗത്തെ മുൻനിര പോരാളികളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ്. ഈ കാലവും കടന്നു പോകും നല്ല ഒരു നാളെക്കായി കാത്തിരിക്കാം എന്ന് അർത്ഥം വരുന്ന ഗാനം വളരെ പോസിറ്റീവായ സന്ദേശങ്ങൾ പകരുന്നതാണ്. ഈ ശ്രമകരമായ സമയത്ത് സാധാരണ ജനങ്ങൾക്കായി അഹോരാത്രം ജോലി ചെയ്യുന്ന മുന്നണിപോരാളികൾക്ക് ഈ ഗാനത്തിലൂടെ അണിയറപ്രവർത്തകർ ആദരം അർപ്പിക്കുന്നു.
കേൾക്കുന്നവരിൽ ശുഭചിന്തകൾ നിറയ്ക്കുന്ന പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്ണനാണ്. വോക്കൽ അറേഞ്ച്മെന്റ് ചെയ്തിരിക്കുന്നത് അഞ്ജന രാജഗോപാലനും രാംശങ്കറുമാണ്. ഓർക്കസ്ട്ര ചെന്നൈ സ്ട്രിങ്ങ്സും മിക്സിങ്ങും മാസ്റ്ററിങ്ങും സായി ശ്രവണനും നിർവഹിച്ചിരിക്കുന്നു. പാട്ട് വൈറലായതോടെ ചിത്രത്തിന്റെ റിലീസിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.