പിതാവിനൊപ്പമുള്ള ഓർമച്ചിത്രം പങ്കുവച്ച് ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി. റിമിയുടെ ചെറുപ്പത്തിലെടുത്ത ചിത്രമാണിത്. തലയിൽ മുല്ലപ്പൂവ് ചൂടി നെറ്റിയിൽ ചന്ദനക്കുറി തൊട്ടു നിൽക്കുന്ന കുട്ടി റിമിയെയാണ് ചിത്രത്തിൽ കാണാനാവുക. ‘എന്റെ പപ്പ’ എന്ന അടിക്കുറിപ്പോടെയാണ് പിതാവ് ടോമിയ്ക്ക് ഒപ്പമുള്ള പഴയകാല ചിത്രം റിമി ടോമി പോസ്റ്റ് ചെയ്തത്. 

റിമിയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി. പ്രമുഖരുൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായെത്തിയത്. റിമിയുടെ പപ്പയെക്കുറിച്ച് ഒരുപാട് ഓർമകളുണ്ടെന്ന് ഗായിക രഞ്ജിനി ജോസ് കുറിച്ചു. റിമിയുടെ അന്നത്തെയും ഇന്നത്തെയും രൂപങ്ങൾ തമ്മിൽ താരതമ്യം ചെയ്തുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമായി. 

ഇതിനു മുൻപും പ്രിയപ്പെട്ട പപ്പയുടെ ഓർമച്ചിത്രങ്ങൾ റിമി ടോമി പങ്കുവച്ചിട്ടുണ്ട്. റിമി വീട്ടിൽ വച്ചു ഷൂട്ട് ചെയ്യുന്ന വിഡിയോകളിലൂടെയൊക്കെ പപ്പയുടെ ഫോട്ടോ കാണിച്ച് പ്രേക്ഷകർക്കു പരിചയപ്പെടുത്തിക്കൊടുക്കാറുമുണ്ട്. 2014 ജൂലൈയിലാണ് റിമി ടോമിയുടെ പിതാവ് ടോമി ജോസഫ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. പപ്പയുടെ ഓർമദിവസങ്ങളിൽ താരം പങ്കുവയ്ക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ ഏറെ ചർച്ചയാകാറുണ്ട്.