കവി ഗാനരചയിതാവാകുന്ന സൗഭാഗ്യശൃംഗലയിലെ അവസാനകണ്ണികളിലൊന്നുകൂടി അടർന്നുവീണു. മലയാളഭാഷാനഭസ്സിലെ കാവ്യസൂര്യൻ ശ്രീ എസ്. രമേശൻ നായർ അനന്തസ്മൃതിസാഗരത്തെ സാക്ഷിനിർത്തി അസ്തമിച്ചു. ശ്രീ രമേശൻ നായർ എഴുതുമ്പോൾ സംഗീതവും ഒപ്പമൊഴുകുന്നു. ആശയഭംഗിയും പദഭംഗിയും വിളക്കും വെളിച്ചവും പോലെ ഒരുമിക്കുന്ന അപൂർവതയാണ് ആ രചനകൾ.

ഈ ശ്രേഷ്ഠകവിയുടെ അസംഖ്യം രചനകളിൽ നാദസുകൃതമാവാൻ സിദ്ധിച്ച ഈശ്വരാനുഗ്രത്തിനു മുമ്പിൽ ഞാൻ നമസ്കരിക്കട്ടെ. "ഉണ്ണീ... ഈ ശ്ലോകങ്ങൾ മുടങ്ങാതെ ജപിക്കണം" ശ്രീ രമേശൻ നായരുടെ അനുഗ്രഹവചസ്സുകൾ ശ്ലോകങ്ങളായി എന്റെ മനസ്സിന്റെ പൂജാമുറിയിൽ ഇന്നും മുഴങ്ങുന്നു. ഈ എളിയ പാട്ടുകാരന്റെ ശബ്ദം ബ്രാഹ്മമുഹൂർത്തത്തിൻ ശംഖൊലിയായതും കാടനെ കവിയാക്കുന്ന കാരുണ്യം തേടിയതും മൂകാംബികയിൽ കുങ്കുമമായുതിർന്നതും ചോറ്റാനിക്കരയിലെ പോറ്റമ്മയെ വാഴ്ത്തിയതും ആലുവാമണപ്പുറത്ത് ശിവരാത്രി കൂടിയതും  ശബരിമല അയ്യപ്പസ്വാമിക്ക് നെയ്യഭിഷേകമായതും ആദികവിയുടെ രാമായണത്തിൽ ചേർന്നതും അങ്ങനെയങ്ങനെ അദ്ധ്യാത്മികതയുടെ പുണ്യസ്ഥാനങ്ങളിളെല്ലാം പരമസൗഭാഗ്യമായതും എന്റെ ആർദ്രഹൃദയം ഭക്ത്യാദരപൂർവം ഓർത്തുപോകുന്നു. 

തനിക്കവികൾ സ്വയം പിൻവാങ്ങുകയോ കാലം  അവരെ അധികവും നിർബന്ധിത അവധിയിൽ വിട്ടിരിക്കുകയോ ആണെന്ന് പലപ്പോഴും തോന്നാറുണ്ട്. കുറച്ചുമാസം മുമ്പ് ഞാൻ രമേശൻ സാറിനെ വിളിച്ചു. " സാർ, എനിക്ക് രണ്ട് മൂകാംബികാഗീതങ്ങൾ ചെയ്യണം" ദിവസങ്ങൾക്കുള്ളിൽ രണ്ട് പാട്ടുകൾ പിറന്നു. നാദപ്രപഞ്ചവും ഏകശ്രുതിയും. രണ്ടുപാട്ടുകളുടെയും ഓഡിയോ പൂർത്തിയാക്കി അദ്ദേഹത്തെ കേൾപ്പിക്കാൻ സാധിച്ചു. പാട്ടുകൾ മൂകാംബിയിൽ നേരിട്ടുപോയി ചിത്രീകരിച്ചു. ഒരു പാട്ടിന്റെ വീഡിയോ സാറിനെ കാണിച്ചു. ഒരെണ്ണം തയ്യാറാവുന്നതേയുള്ളൂ. അത്‌ സാറിനുള്ള സ്മരണാഞ്ജലിയാകട്ടെ.

അന്നെന്റെ ആത്മാവിന്റെ ചെപ്പിൽ രണ്ടു പാട്ടിന്റെ മുത്തുകൾ എടുത്തുവച്ചിട്ട് രമേശൻ സാർ ചിരിച്ചതോർക്കുന്നു. ആ ചിരി അനാദിയാണ്. അധികമാർക്കും അങ്ങനെ ചിരിക്കാൻ സാധിക്കില്ല. ആ ചിരിയിൽ വേദസാരാംശം വെളിച്ചം വീഴ്ത്തുന്നു, ആത്മീയത അഴകുചുരത്തുന്നു, ഗുരുപൗർണ്ണമി നിലാവുപൊഴിക്കുന്നു, ചിലപ്പതികാരം ചിലമ്പുകിലുക്കുന്നു, തിരുക്കുറൾ തിരിതെളിയ്ക്കുന്നു, ഭക്തിയിലെ കാല്പനികത സൗന്ദര്യം പടർത്തുന്നു, വനശ്രീ മുഖം നോക്കുന്നു. ആ ചിരിയിൽ അണ്ഡകടാഹങ്ങൾ ചിറകടിച്ചുയരുന്ന നിർവൃതി, രാധതൻ പ്രേമാനുഭൂതി, ഒരുപിടി അവിലിന്റെ സുകൃതം, ഒരു നുള്ളു കുങ്കുമത്തിന്റെ വരവർഷം എന്തിനധികം? സൂര്യനുകീഴിൽ രമ്യസൗമ്യമായതെന്തും രമേശച്ചിരിയിൽ ഐശ്വര്യം പൊഴിക്കുന്നു. കണ്മുന്നിലെ ആ ചിരി ഇനിയില്ല. പക്ഷേ സാറിന്റെ പ്രിയപ്പെട്ട ഉണ്ണിയുടെ അകക്കണ്ണിൽ നിന്നും ആ ചിരി ഒരിക്കലും മായില്ല. മലയാളമണ്ണിലെ കവിത വിണ്ണിൽ ലയിച്ചിരിക്കുന്നു. മഹാകവിതയ്ക്ക് മംഗളം, മഹാകവിയ്ക്ക് ഹൃദയാർച്ചനം.