2016 , ഓക്ടോബർ 31 , പൂവച്ചലിനെ ഞാനാദ്യമായി അടുത്തു കാണുകയാണ് , കവിയും ഗാന രചയിതാവുമായ പുവച്ചൽ ഖാദറിനെ കോഴിക്കോട്ട് ആർട്ട് ബീറ്റ് ആദരിക്കുന്ന ചടങ്ങാണ്. വളരെ സൗമ്യനായ വാക്കുകളെ നോവിക്കാതെ സംസാരിക്കുന്ന ശ്രീ.പൂവച്ചലുമായി അന്നാണ് ആദ്യമായി സംസാരിക്കുന്നത്. പരിപാടിക്ക് അദ്ദേഹം പത്നി ആമിനയുമായി കോഴിക്കോട് ടൗൺഹാളിൽ നേരത്തെയെത്തി. മുൻപ് തിരുവനന്തപുരത്ത് കലാഭവൻ തിയറ്ററിൽ മാക്റ്റ സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്റെ ഇടവേളയിൽ അപ്പായുമായി അദ്ദേഹം സാസാരിക്കുന്നത് കണ്ടൊരു ഓർമ മാത്രം. 

കോഴിക്കോട് ആർട്ട് ബീറ്റിന്റെ ആദരവ് പൂവച്ചൽ ഖാദറിന് എംപി അബ്ദുസമദ് സമദാനി സമ്മാനിക്കുന്നു. കെ.ജയകുമാർ സമീപം.

സംസാരിച്ചു പരിചയപ്പെട്ടു, അന്ന് അപ്പായുടെ പിറന്നാളായിരുന്നു , പൂച്ചാക്കൽ ഷാഹുലിന് 75 തികഞ്ഞ ഒക്റ്റോബർ 31. ഫോണിൽ ഉടൻ തന്നെ അപ്പായ്ക്ക് ജന്മദിന ആശംസകൾ നേർന്നു. പേരിൽ സാമ്യമുള്ള ഇരുവരും ഏറെ നേരം പാട്ടൊഴുക്കിന്റെ ചിത്തിരത്തോണിയേറി.. ഇപ്പോൾ ഈ കുറിപ്പ് എഴുതുന്ന നേരത്തും അല്പം ആശങ്കയോടെ ശബ്ദം താഴ്ത്തി ഒരു സൃഹൃത്തിന്റെ വിളിയെത്തി ... ഞാനെവിടെയാണന്നും ,  പൂവച്ചലുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നു ചോദിച്ച് !

ആർട്ട് ബീറ്റിനു വേണ്ടി എം.പി.അബ്ദുസമദ് സമദാനി സമ്മാനിച്ച തോണി മുന്നിലിരിക്കുന്നത് കണ്ടപ്പോൾ മനസിലെത്തിയത് അദ്ദേഹത്തിന്റെ വിഖ്യാതമായ 

‘‘ ചിത്തിരത്തോിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ ’’ 

എന്ന പല്ലവിയും അതിനേക്കാൾ വിഖ്യാതമായ 

‘‘ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ ... ’’ 

എന്ന അനുപല്ലവിയുമാണ്. പ്രിയപ്പെട്ടവരെ അപഹരിച്ച കോവിഡ് മഹാമാരിയുടെ തീരാ വേദനയായ  രാത്രി വൈകിയുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ വാർത്തയ്ക്കൊപ്പം പ്രസിദ്ധീകരിച്ചതും അന്നെടുത്ത ചിത്രം തന്നെെയന്നത് മറ്റൊരു യാദൃച്ഛികത.

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിനെ കോഴിക്കോട് ആർട്ട് ബീറ്റ് ആദരിച്ചപ്പോൾ സമ്മാനിച്ച തോണിയാണ് അദ്ദേഹത്തിനു മുന്നിൽ.

എന്റെ ബാല്യ–കൗമാരത്തിൽ കേട്ട് മറക്കാത്ത നിലാവിൽ തെളിയുന്ന നാട്ടു വഴിയുടെ ചേലുള്ള എത്ര പ്രണയ ഗാനങ്ങളാണീ തുലികയിൽ നിന്നു പിറന്നത്. 350ലേറെ സിമികകൾക്കായി 1500 ലേറെ ഗാനങ്ങൾ. 1978ലെ കായലും കയറും എന്ന സിനിയിലെ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളിയുടെ മനസിലേത്ത് തിരി താഴ്ത്താത്ത ശരറാന്തലാണ് അദ്ദേഹം തെളിച്ചത്. 

നാട്ടിലൊക്കെ എല്ലായിടത്തുമൊന്നും അന്ന് വൈദ്യുതി എത്തിയിട്ടില്ല. വീടിനു കിഴക്കേ വേമ്പനാട്ട് കായലേരത്തുള്ള അപ്പായുടെ സഹോദരിയുടെ വിട്ടിൽ പോയി മടങ്ങുമ്പോൾ റാന്തൽ വിളക്ക് തെളിച്ച എത്ര വീടുകളിൽ നിന്നാണ് ഇൗ പാട്ടുകളൊക്കെ നില്ക്കാത്ത പൂനിലാവു പരത്തിയത്...

ആദ്യ സമാഗമ ലഞ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോൾ ... , 

 

നാഥാ നീവരും കാലൊച്ച കേൾക്കുവാൻ ... , ‌

 

ഏതോ ജന്മകല്പ്പനയിൽ ... , 

 

മഴവില്ലിനഞ്ജാതവാസം കഴിഞ്ഞു മണിമുകിൽ തേരിറങ്ങി ...

 

അനുരാഗിണി .. ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ .... ,

തകര, ചാമരം, ഒരു കുടക്കീഴിൽ, പാളങ്ങൾ, തമ്മിൽ തമ്മിൽ, നിറക്കൂട്ട്, ദശരഥം, താളവട്ടം തുടങ്ങിയ സിനിമകളിലെ കവിത തുളുമ്പുന്ന ഗാനങ്ങളിലൂടെ അദ്ദേഹം അനശ്വരമായി. രണ്ട് വർഷം മുൻപ് തിരുവനന്തുപരത്ത് അപ്പാ പോയപ്പോൾ അദ്ദേഹത്തെ കാണുവാൻ ആഗ്രഹിച്ചെങ്കിലും സുഖമില്ലാതെ ഇരിക്കുകയിരുന്നതാനൽ ആ വിശേഷം പറച്ചിലും ഫോണിൽ ഒതുങ്ങുകയായിരുന്നു.