ഹരിനാരായണൻ ഫുട്ബോൾ കളി കാണുന്നതിനിടെ ഉറങ്ങിപ്പോയപ്പോൾ സ്വപ്നത്തിൽ വിരിഞ്ഞ കുഞ്ഞായിപ്പാട്ടിന് റാം സുരേന്ദർ ഈണവും ശബ്ദവും നൽകിയപ്പോൾ നാട്ടിൽ പാട്ടിന്റെ മഞ്ഞത്തരംഗം. പല്ലവി, അനുപല്ലവി, ചരണം, കരുണം, ബീഭത്സം ഒന്നും പ്രതീക്ഷിക്കരുതെന്നു പറഞ്ഞു ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ കുത്തിക്കുറിച്ച കുഞ്ഞായിപ്പാട്ട് മഞ്ഞത്തരംഗമായി പടരുന്നു. ചരണവും കരുണവും ഇല്ലാത്ത പാട്ടിനെ ബീഭത്സമാകാതെ മനോഹരമായി ഈണമിട്ടത് റാം സുരേന്ദർ. ചരണവും പല്ലവിയുമില്ലാത്ത കുഞ്ഞായിപ്പാട്ട് ആർക്കും തിരുത്തുകയോ തിരിക്കുകയോ ചെയ്യാമെന്ന് ഹരിനാരായണൻ കുറിച്ചു. എന്നാൽ പാട്ട് ആർക്കും പാടാമെന്നായി റാം സുരേന്ദർ. അങ്ങനെ റാം ആ പാട്ട് സ്വയം അങ്ങ് പാടി. കിംകിംകിം പാട്ട് ഹിറ്റാക്കിയ സംഘത്തിന് ലോക്ഡൗൺ കാലത്ത് സ്വപ്നത്തിൽ വീണുകിട്ടിയ പാട്ട് ഹിറ്റായതിന്റെ ഇരട്ടി ആനന്ദം.

കുഞ്ഞായിപ്പാട്ടിനെക്കുറിച്ചു ഹരിനാരായണന്റെ വാക്കുകൾ:

2001 ഫെബ്രുവരിയിലായിരിക്കണം ഞാൻ കുഞ്ഞായിയെ കാണുന്നത്. ഒരേ ഒരു വട്ടമേ കണ്ടിട്ടുള്ളു. അമ്മ വീടിനടുത്തുള്ള ചോറോട്ടൂർ കാവിലെ വേലയ്ക്ക്, പെരുമ്പിലാവിൽ നിന്ന് വാടാനാംകുറുശ്ശിക്ക് ടിക്കറ്റെടുത്ത് വെള്ളയും റോസും നിറമുള്ള മയിൽ വാഹനം ബസിൽ പോകുമ്പോൾ. തിരക്കത്രക്കില്ലാത്ത ബസ്സിൽ, ബാക്ക് ഡോറിനു നേരേ എതിരുള്ള സീറ്റിൽ ഒറ്റയ്ക്കാണ് എന്റെ ഇരുപ്പ്. ആളിറങ്ങാനായി മുല്ലയം പറമ്പത്ത് കാവിന്റെ മുന്നിൽ ബസ് നിർത്തിയതും ആളിറങ്ങാൻ കാത്തു നിൽക്കാതെ ഒരാൾ അകത്തേക്ക് ഇടിച്ച് കയറി. ഒരു സ്കൂൾ കുട്ടിയുടെ സീറ്റ് പിടിക്കാനുള്ള വ്യഗ്രതയിൽ എൻ്റെ സീറ്റിൽ മറുവശത്ത് ഇരിപ്പുറപ്പിച്ചു. എന്നിട്ട് എന്നും കാണുന്ന ആളെപ്പോലെ കറയുള്ള പല്ല് കാട്ടി എന്നെ നോക്കി ചിരിച്ച് "അലോൻ."

വിയർത്ത് കുളിച്ചിട്ടുണ്ട്. കുറിയ ആളാണ്. പക്ഷെ നല്ല ഉറപ്പുള്ള ശരീരം. പ്രത്യേക രീതിയിൽ ഉള്ള മുടി. പതിനൊന്ന് എന്നെഴുതിയപോലുള്ള മീശ. കറപിടിച്ച മഞ്ഞ ഷർട്ട്, പോക്കറ്റിൽ ഒരു മഞ്ഞ കണ്ണടയുണ്ട്.-പൂരപ്പറമ്പിൽ നിന്ന് വാങ്ങിയതാണെന്നു തോന്നും. - മഞ്ഞക്കരയുള്ള മുണ്ട് മടക്കി കുത്തിയിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിലെ അപ്പുക്കിളിയെയാണ് ഓർമ്മ വന്നത്.

പെട്ടെന്നു കണ്ടക്ടർ വന്നു.

"കുഞ്ഞായിക്ക് കണ്ണങ്കുഴിക്കാ പോണ്ടതേയ്

കയ്യിലാകെ അമ്പതിന്റെ നോട്ടേയുള്ളൂ "

തരാൻ കണ്ടക്ടർ കൈ നീട്ടീ. കുഞ്ഞായി പോക്കറ്റിൽ നിന്ന് പൈസ എടുത്ത് കൊടുത്തതും കണ്ടക്ടർ ചിരി തുടങ്ങി.  

"ഇത് നൂറിന്റെ നോട്ടാ ചങ്ങായീ"

ഏയ് കുഞ്ഞായിക്ക് തെറ്റില്ല. ദ് താഴത്തേലെ സുരേഷിന്റെ ഏട്ടൻ തന്നതാണേയ്. അയാളും പറഞ്ഞത് അമ്പതാന്നാ. "സംസാരത്തിനനുസരിച്ച് ആയാളുടെ ചെവിയിൽ വളഞ്ഞു കുത്തി നിന്നിരുന്ന രോമങ്ങൾ വിറച്ചു കൊണ്ടിരുന്നു. കുഞ്ഞായി പറഞ്ഞത് കേൾക്കാതെ ബാക്കി കൊടുത്ത്, ചിരിച്ച് കൊണ്ട് കണ്ടക്ടർ മുന്നിലേക്കു പോയി. പിന്നെ എന്നോടായി. മുഖവുരയില്ലാത്ത കഥ പോലെയായിരുന്നു കുഞ്ഞായി. ഇന്നലെ നിർത്തിയേടത്തു നിന്ന് വായിക്കും പോലെ. അയാളുടെ കഥയിലൊന്നും ഉത്തമപുരുഷൻ ഏകവചനം ഉണ്ടായിരുന്നില്ല എല്ലാം മഞ്ഞക്കുഞ്ഞായി മയം.

"അലോൻ മ്മള് പറഞ്ഞ പോലെ ഈ കുഞ്ഞായി ആള് പുല്യാന്നേ. അതോണ്ടന്നെ ഓൾക്ക് കുഞ്ഞായിനെ ഭയങ്കര ഇസ്ടാ.. മോല്ലാലില് മമ്മൂട്ടി കൂട്യേതാ കുഞ്ഞായീന്നാ ഓള് പറയാ.. ഓള്ക്ക് വേണ്ടി വേടിച്ചതാ ഈ കുപ്പായം...." കുഞ്ഞായി പറഞ്ഞ കുഞ്ഞായിയുടെകഥ ഒരു ഭാഗം കേട്ട് വാടാനാംകുറുശ്ശി വില്ലേജ് സ്റ്റോപ്പിൽ ഞാനിറങ്ങി. ഞാൻ എണീറ്റതോടെ അടുത്ത സീറ്റിലേക്ക് ഇരുന്ന് അവിടെ ഉള്ള ആളോട് തന്റെ കഥയുടെ അടുത്ത അധ്യായം പറയാൻ തുടങ്ങി കുഞ്ഞായി.

അന്നത്തെ പൂരലഹരിയിൽ ഒരു പാലൈസ് പോലെ കുഞ്ഞായി അലിഞ്ഞു പോയി. പിന്നെ ഓർത്തിട്ടില്ല കണ്ടിട്ടില്ല. പക്ഷെ കഴിഞ്ഞ ദിവസം ബെൽജിയവും റഷ്യയും തമ്മിലുള്ള യൂറോ കപ്പ് കളി കണ്ടു കൊണ്ടിരിക്കെ, ഒന്നാം പകുതി കഴിഞ്ഞപ്പോൾ മുന്നിലെ പ്ലേറ്റിൽ ചക്കവറുത്തത് തീർന്നതിനാലും, റഷ്യ തോൽക്കാനേ സാധ്യതയുള്ളു എന്ന് തോന്നിയതിനാലും കിടന്ന് ഉറങ്ങിപ്പോയി. സ്വപ്നത്തിൽ അന്നു കണ്ടതിനു ശേഷം വീണ്ടും കുഞ്ഞായി വന്ന്. ഞങ്ങൾ പഴയ മയിൽ വാഹനത്തിൽ തന്നെ. പക്ഷെ ഇപ്പൊ ഒരു വ്യത്യാസമുണ്ട്. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ സിനിമയിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ ഈയുള്ളവൻ എഴുതിയ മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ എന്ന് തുടങ്ങുന്ന പാട്ട്, കുഞ്ഞായി അയാളുടെ ഒരു താളത്തിൽ എനിക്ക് പാടി തരുന്നു!

പാട്ട് മുഴുവനാകും മുമ്പ്, ബാക്കി കഥ കേൾക്കും മുമ്പ് അച്ഛൻ എന്നെ തട്ടി വിളിച്ചു. ബെൽജിയം മൂന്നാം ഗോൾ അടിച്ചെന്നു പറയാൻ. ഛെ! എല്ലാം കളഞ്ഞ്. കുഞ്ഞായിക്ക് മുമ്പിൽ എന്ത് ബെൽജിയം. എന്തായാലും കുഞ്ഞായി പണ്ട് പറഞ്ഞ കുഞ്ഞായിയുടെ കഥയും മഞ്ഞ മഞ്ഞ ബൾബുകളും ചേർത്ത് ഒരു മഞ്ഞപ്പാട്ട് ഇവിടെ ഇടുന്നു. കുഞ്ഞായി ആണായതുകൊണ്ടാണ് പാട്ട് ഇങ്ങനെ ആയത്. ഓൻ ഓൾ എന്നൊന്നും ഇതിൽ വ്യത്യാസമില്ല. ലിംഗ / വർണ്ണ / ദേശ / കാലമില്ലാതെ എവിടെയും ഇത് സംഭവിക്കാം

(ബസ്സിൽ കണ്ട ചങ്ങായിയുടെ യഥാർത്ഥ പേര് തൽക്കാലം ഇവിടെ കുഞ്ഞായി എന്നാക്കിയതാണ്)

മഞ്ഞപ്പാട്ട്

മഞ്ഞമഞ്ഞബൾബുകൾ

മിന്നിമിന്നികത്തുമ്പോൾ ..

(പല്ലവി അനുപല്ലവി ചരണം കരുണം ബിഭത്സം എന്നിവ ഇല്ല)

തിരുമറുതക്കാവിലേ

ഇടവമകം വേലയ്ക്ക്

ഓള് വിളിച്ചേക്കണ്

ഓനത് കേട്ടൊരുങ്ങണ്

"വരുമ്പൊ നീ മറക്കല്ലേ

എൻ്റെ മഞ്ജുമഞ്ഞയേ "

അവളുടെയാ വാക്കില്

അലരിപോലെ പൂത്തവൻ

കേട്ടപാതിയോടിയാ

കടയിൽച്ചെന്ന് വാങ്ങിയോൻ

കോട്ടൊരെണ്ണം മഞ്ഞയിൽ

കാൾസറായി മഞ്ഞയിൽ

കാൽച്ചെരിപ്പ് മഞ്ഞയിൽ

കണ്ണടയും മഞ്ഞയിൽ  

കെടക്കപ്പൊറുതിയോനില്ല

കണ്ട കനവിനളവില്ല

മഞ്ഞപ്പാറ്റ പോലവൻ

മഞ്ഞപ്പാറ്റ പോലവൾ

മഞ്ഞത്തൂടെ നടക്കണ്

തമ്മിലുമ്മവയ്ക്കണ്

മഞ്ഞവെയിൽ വീഴണ

വേലപ്പൂരപറമ്പില്

ഓള് പറഞ്ഞ മുക്കില്

കള്ളിപ്പാല ചോട്ടില്

ഓള് വരാൻ കാത്തിട്ട്  

ഓൻ ചമഞ്ഞ് നിക്കണ്

അപ്പഴതാ കാണണ്

പത്ത് പന്ത്രണ്ടാളുകൾ

തൻ്റെ ചുറ്റും നിക്കണ്  

ഓളെക്കാത്ത് തന്നെഡോ!

ഓലും മഞ്ഞക്കോട്ടെഡോ

ഓലും മഞ്ഞക്കാലുറ

ഓലും മഞ്ഞ കണ്ണട

ആകെ മഞ്ഞളിച്ചവൻ

ഓൻ്റെ നെഞ്ചിലായിരം

മഞ്ഞ ഡൈന പൊട്ടണ്

മഞ്ഞ ബൾബ് കെട്ടപോൽ

കണ്ണിരുട്ട് കേറണ്

ഓളുമാത്രമില്ലഡോ

കാവിലാകെ ചുറ്റിയോൻ

ഈറവന്ന് നോക്കുമ്പോ  

കാവിലമ്മയും മഞ്ഞ!

∙ സംഗീതം നൽകി ആലപിച്ച റാം സുന്ദർ പറയുന്നത്

പാട്ടാക്കാൻ വേണ്ടിയല്ല കുറിച്ചതെങ്കിലും വരികൾ കിട്ടിയപ്പോൾ ഈണം നൽകി നോക്കിയതാണ്. ആർക്കും പാടാൻ പറ്റുന്ന ഒരു റിഥം ആണു പിടിച്ചത്. സംഗതി നന്നായെന്നു കണ്ടപ്പോൾ ഓർക്കസ്ട്ര ചെയ്തു ട്രാക്ക് പാടി. ‌‌കേട്ടപ്പോൾ പാട്ടു വലിയ തരക്കേടില്ല. ലോക്ഡൗൺ കാലമല്ലേ, വലിയ പാട്ടുകാരൊക്കെ ലോക്കിലല്ലേ. പാട്ട് നമ്മുടെ ശബ്ദത്തിൽത്തന്നെ പോട്ടേ എന്നു വച്ചു. ഇതിനു മനോഹരമായി വിഡിയോ ഒരുക്കിത്തന്ന ഷിജോ തളിയച്ചിറ, പോസ്റ്റർ ചെയ്ത ജയറാം രാമചന്ദ്രനും നന്ദിയുടെ മഞ്ഞപ്പൂക്കൾ.